മന്ത്രി നല്‍കാനുള്ള 63 ലക്ഷം ഈടാക്കി തരണം; നവകേരള സദസ്സില്‍ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Kerala

കോഴിക്കോട്: മന്ത്രി അഹമദ് ദേവര്‍ കോവില്‍ നല്‍കാനുള്ള 63 ലക്ഷം രൂപ ഈടാക്കി നല്‍കണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

വടകരയില്‍ നടന്ന നവകേരള സദസില്‍ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചത്. വടകര മുട്ടുങ്ങല്‍ സ്വദേശി എ കെ യൂസഫ് ആണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മന്ത്രിക്കെതിരെ നേരത്തെ ഇ മെയില്‍ വഴി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മറുപടി ലഭിച്ചില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി എത്തിയത്. കോടതി വിധി പ്രകാരം പണം നല്‍കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.