ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി ശ്യാംനാനാഥിന്‍റെ മാതാപിതാക്കളെ സന്ദർശിച്ചു എം കെ രാഘവൻ

Kozhikode

കോഴിക്കോട്: ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി  ശ്യാംനാനാഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച്‌ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. കോഴിക്കോട് വെള്ളിപറമ്പ തേലം പറമ്പത്ത് ശ്യാംനാനാഥിന്റെ വീട് സന്ദർശിച്ച എംപി, മാതാപിതാക്കളായ വിശ്വനാഥ മേനോനുമായും ശ്യാമളയുമായും വിവരാന്വേഷണങ്ങൾ നടത്തി.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രിയുമായും ഇസ്രാഈലിലേയും ഇറാനിലെയും ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ടതായും എം.കെ.രാഘവൻ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ് അടക്കമുള്ളവർ അകപ്പെട്ട വിവരവും കത്തിൽ  സൂചിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര തരത്തിൽ നടപടി ആരംഭിച്ചതായും എംപി പറഞ്ഞു.

കപ്പലിൽ മൂന്ന് മലയാളികളടക്കം 17 ഇന്ത്യാക്കാരുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി ധനേഷ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് ഇറാന്‍ പിടിച്ചെടുത്തത്.

എംഎസ്‌സി ഓഫീസിൽ നിന്നും ക്യാപ്റ്റൻ പ്രതാപ് വിളിച്ചിരുന്നതായും മകനും മറ്റു ക്രൂ ഉദ്യോഗസ്ഥരും സുരക്ഷിതനായി ഇരിക്കുകയാണെന്നും, നേരത്തെ കപ്പൽ ജീവനക്കാർ കൂടിയായ ശ്യാംനാഥിന്റെ പിതാവ് വിശ്വനാഥൻ എംകെ രാഘവനെ അറിയിച്ചു.
മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമമുണ്ടാവണം എന്നും പിതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ടതായും ജീവനക്കാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംപി അറിയിച്ചു.

പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ്‌ പാലാട്ട്, വാർഡ് മെമ്പർമാരായ ബിജു ശിവദാസ്, എം പ്രസീദ് കുമാർ, കർഷക കോൺഗ്രസ് ദേശീയ അംഗം മാഞ്ജുഷ് മാത്യു തുടങ്ങിയവർ എംകെ രാഘവനോടൊപ്പം ഉണ്ടായിരുന്നു.