സാന്ത്വന പരിചരണം മതത്തിന്റെ ഭാഗം തന്നെ.ഡോ.ഹുസൈന്‍ മടവൂര്‍

Kozhikode

കോഴിക്കോട്: പാലിയെറ്റീവ് കെയര്‍ ( സാന്ത്വന പരിചരണം ) മതത്തിന്റെ ഭാഗമാണെന്നും ഈ രംഗത്ത് സേവനം ചെയ്യാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും പാളയം ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
പാലിയെറ്റീവ് ദിനത്തോടനുബന്ധിച്ച് പാളയം ജുമാ മസ്ജിദില്‍ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കിടപ്പ് രോഗികളെയും ദീര്‍ഘകാലമായി മാറാവ്യാധികള്‍ ബാധിച്ച് കഷ്ടപ്പെടുന്നവരെയും അവരുടെ വീടുകളില്‍ ചെന്ന് സാന്ത്വന പരിചരണം നല്‍കുന്നത് വലിയ പുണ്യകര്‍മ്മമാണ്.
ഒറ്റപ്പെടലുകളില്‍ നിന്നും നിരാശയില്‍ നിന്നും അത്തരം രോഗികളെ രക്ഷപ്പെടുത്താനും അവര്‍ക്ക് ആത്മധൈര്യം നല്‍കാനും പാലിയെറ്റീവ് കെയര്‍ വളങ്ങിയ മാരുടെ സേവനങ്ങള്‍ ഉപകാരപ്പെടുന്നുണ്ട്.
സാന്ത്വന പരിചരണ രംഗത്ത് കേരളം ലോകത്തിന്ന് തന്നെ മാതൃകയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഞ്ചേരിയില്‍ ഡോ.കെ.അബ്ദുറഹിമാനും കോഴിക്കോട്ട് ഡോ.സുരേഷ് കുമാറുമാണ് പാലിയെറ്റീവ് കെയര്‍ സംവിധാനം വ്യവസ്ഥാപിതമായി കെട്ടിപ്പടുത്തത്.
രോഗികളെ സന്ദര്‍ശിക്കുക, അവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുക, അവരെ ചികിത്സിക്കുക, രോഗശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇസ് ലാം പുണ്യകര്‍മ്മങ്ങളായി പ്രഖ്യാപിച്ച കാര്യങ്ങളാണ്. അത് കൊണ്ട് ശാരീകമായും സാമ്പത്തികമായും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഡോ.മടവൂര്‍ പറഞ്ഞു.