കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി പോരാടുന്ന കെ കെ ഹര്‍ഷിന ആശുപത്രിയില്‍. ഹര്‍ഷിയ്ക്ക് വയറ്റില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.
ഹര്‍ഷിനയെ മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും ന്യൂറോളജി, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു. കൈകളിലെ അസഹനീമായ വേദനയും വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളര്‍ച്ചയും കാരണമാണ് ഹര്‍ഷിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ ചികിത്സയ്ക്കുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്നും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും ഹര്‍ഷിന പറഞ്ഞു. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ അടുത്ത ദിവസം വീണ്ടുമെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയാകും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതികളായ കേസ് 19ന് കുന്ദമംഗലം കോടതി പരിഗണിക്കാനിരിക്കെയാണ് ഹര്‍ഷിന ആശുപത്രിയിലാകുന്നത്.