‘കുറി മായ്ക്കലും ചരട് മുറിക്കലും മുണ്ട് ഇടത്തോട്ട് ഉടുക്കലും’ ബി ജെ പിയേയും കടത്തിവെട്ടി എല്‍ ഡി എഫിന്‍റെ മുസ്ലിം വിരുദ്ധ വര്‍ഗീയത, വിവാദമായപ്പോള്‍ പിന്‍വലിച്ച് തലയൂരല്‍

Kerala

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍ എഡി എഫ് പുറത്തിറക്കിയ വീഡിയോ വിവാദമായപ്പോള്‍ പിന്‍വലിച്ച് തലയൂരല്‍. മുസ്‌ലിം സമുദായത്തെ വര്‍ഗീയമാദികളായി ചിത്രീകരിക്കുന്ന തരത്തിലാണ് എല്‍ ഡി എഫ് വീഡിയോ ചിത്രീകരിച്ചിരുന്നത്. കാസര്‍കോട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ എല്‍ ഡി എഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് കാട്ടി യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍ ഡി എഫ് നല്‍കുന്ന വിശദീകരണം. എന്നാല്‍ വിവിധ ഗ്രൂപ്പുകളിലൂടെ ഈ വീഡിയോ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റേയും സി പി എം ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കയ്യിലെ ചരടുകള്‍ മുറിച്ച് മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നുമാണ് എല്‍ ഡി എഫ് പ്രചരിപ്പിക്കുന്നത്. മുസ്ലിം വിഭാഗത്തെ ഒന്നാകെ വര്‍ഗീയ വാദികളാക്കുന്നതാണ് എല്‍ ഡി എഫിന്റെ ഈ വീഡിയോ.

വീഡിയോക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അടക്കം വീഡീയോ നീക്കം ചെയ്തു. പക്ഷേ ഇടത് സാമൂഹിക മാധ്യമ ഗ്രൂപ്പൂകളില്‍ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വര്‍ഗീയ പ്രചാരണമാണെന്നും ഒരു പ്രദേശത്തെയും ഒരു സമുദായത്തേയും അപമാനിക്കുന്നതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും യു ഡി എഫ് അറിയിച്ചു.