ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ സമരം, ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ അണി ചേരുക

Wayanad

വെണ്ണിയോട്: ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതയുണ്ടെന്നും ഒരു രണ്ടാം സ്വാതന്ത്ര സമരമാണ് നടക്കുന്നതെന്നും യു ഡി എഫ് നേതാവും കര്‍ഷക പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യവുമായ ഗഫൂര്‍ വെണ്ണിയോട്. കോട്ടത്തറ പഞ്ചായത്തിലെ വണ്ട്യാമ്പറ്റ, വാളല്‍ എന്നിവിടങ്ങളില്‍ നടന്ന യു ഡി എഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന് ചെയ്യുന്ന ഓരോ വോട്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒഴുക്കുന്ന വിയര്‍പ്പും ഈ രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയുള്ളതാണ്. ഫാസിസം അരങ്ങു വാഴുന്ന വര്‍ത്തമാനകാലത്ത് വോട്ടു കുത്തലും ഒരു സമരം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നോക്കു കുത്തികള്‍ അഭിനവ ചേക്കുട്ടികളും കൂമര്‍ നാരായണന്‍മാരുമാണ്. രാഷ്ട്രീയം രാഷ്ട്ര സേവനമാണ്. സാന്നിധ്യം കൊണ്ടെങ്കിലും പോര്‍ക്കളത്തില്‍ പങ്കാളിത്വം അറിയിച്ചവര്‍ ധന്യരാണെന്നും ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നവര്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയെങ്കിലും ചെയ്യുന്നതും ഒരു ധര്‍മ്മമാണെന്നും മുഴുവന്‍ വോട്ടര്‍മാരേയും പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ച് വോട്ടുചെയ്യിപ്പിക്കുന്നതിന് എല്ലാവരും സ്വയം സന്നദ്ധമാകണമെന്നും ഗഫൂര്‍ വെണ്ണിയോട് പറഞ്ഞു.

കുടംബ യോഗങ്ങളില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി നരീഷ്, യു ഡി എഫ് നേതാക്കളായ പി സി കോട്ടത്തറ, കെ ശോഭനകുമാരി, സി സി ദേവസ്യ, കെ കെ മുഹമ്മദാലി, സി കെ ഇബ്രാഹിം, കെ ആവൂട്ടി മാഷ്, പി വിനോജ് എന്നിവര്‍ പ്രസംഗിച്ചു.