ഡോ. സുൽഫിക്കർ അലി (സംസ്ഥാന സെക്രട്ടറി, കെ.എൻ.എം )
മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വൈവിധ്യങ്ങളെ അലങ്കാരമായി സ്വീകരിക്കുകയും, ആ വൈവിധ്യങ്ങളിൽ നിന്ന് ഏകത്വം കണ്ടെത്തുകയും ചെയ്യുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളിൽ ഒന്ന്. നാനാത്വത്തിൽ ഏകത്വം എന്ന പ്രതീകത്തെ ഭരണഘടനാപരമായി തന്നെ ഇന്ത്യയുടെ ആശയമായി അംഗീകരിച്ച മഹത്തായ സാംസ്കാരിക പാരമ്പര്യം.
കുറച്ചുവർഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും നശിപ്പിക്കാനും വർഗീയ വിദ്വേഷം പ്രചരണങ്ങളിലൂടെ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മതാധിഷ്ഠിതമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സംഘപരിവാർ ശക്തികൾ ഒരു നൂറ്റാണ്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫലം കാണാൻ തുടങ്ങുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇന്ത്യ ഇന്ത്യയായി നിൽക്കണമോ, ഒരു മതാധിഷ്ഠിത രാജ്യമായി ഹിന്ദു രാഷ്ട്രം നിലവിൽ വരണമോ എന്ന് വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ആസന്നമാകുന്നത്. ഇന്ത്യൻ ഭരണഘടന മതനിരപേക്ഷവും എല്ലാ ജനസമൂഹങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന രൂപത്തിൽ വിശാലമായി നിലനിൽക്കുമോ എന്ന് തീരുമാനിക്കുന്ന പാർലമെൻറ് ഇലക്ഷൻ തൊട്ടടുത്തു നിൽക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി നിലനിൽക്കേണ്ടത് ആവശ്യകത നൂറ് ശതമാനം ബോധ്യപ്പെടുന്ന സംഭവ വികാസങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.
പത്തു വർഷം തുടർച്ചയായി ഭരിച്ച കേന്ദ്ര ഗവൺമെൻറിൻ, വികസനത്തെ പറ്റിയോ ഭരണ നേട്ടങ്ങളെ പറ്റിയോ യാതൊന്നും പറയാനില്ലാതെ, കടുത്ത വർഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ചുകൊണ്ട് വോട്ടു നേടാനുള്ള കൊളത്ത ശ്രമങ്ങളാണ് ഇന്ത്യ ഒട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം പള്ളികൾ പൊളിച്ചുകൊണ്ട് അവിടെ അമ്പലം ഉണ്ടാക്കുക, മഹത്തായ സാംസ്കാരിക പാരമ്പര്യം ഉള്ള നഗരങ്ങളുടെ പേരു മാറ്റുക, ദൈവങ്ങളുടെ നിലനിൽപ്പിനു വേണ്ടി തങ്ങളെ വിജയിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസവും സംസ്കാരവും ഉള്ള സമൂഹത്തോട് ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത്. തങ്ങളുടെ മതവും ദൈവങ്ങളും അപകടത്തിൽ ആണെന്നും, ഹിന്ദു ഉണർന്നാൽ മാത്രമേ നാട് നന്നാവുകയുള്ളൂ എന്ന കുപ്രചാരണം സാധാരണക്കാരായ ഹിന്ദു മത വിശ്വാസികളിൽ അർഷിതാവസ്ഥ വളർത്താനും അതുവഴി ജനങ്ങളെ വിഭജിച്ചു കൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനും ആണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അത്യന്തം അപകടകരമായ വർഗീയ ധ്രുവീകരണത്തിനുള്ള ഈ പ്രവണതകളെ പാലറ്റുകളിലൂടെ ചെറുത്തുനോൽപ്പിക്കുക എന്നതാണ് ഇന്ത്യൻ പൗരന്റെ പ്രാഥമിക ഉത്തരവാദിത്വം.
തകരുന്ന സാമ്പത്തിക രംഗം
കഴിഞ്ഞ 10 വർഷത്തിനിടക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ഗുരുതരമായ വീഴ്ചകൾക്ക് ഓരോ പൗരനും കണക്കു പറയാൻ തുടങ്ങിയിരിക്കുന്നു. സംഘപരിവാറിന്റെ നുണ ഫാക്ടറികൾ പ്രചരിപ്പിക്കുന്നതുപോലെ ലോകത്ത് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും ഇന്ത്യ എന്നൊക്കെയുള്ള പ്രചാരണങ്ങൾ ഒരു ദേശീയ കോമഡി ആയി മാറിക്കൊണ്ടിരിക്കുകയാണ്. രൂപയുടെ മൂല്യം അനുദിനം തകർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയായിരിക്കണം പ്രവാസികളായ സംഘപരിവാർ അനുകൂലികൾ മോദി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. കാരണം അവർക്ക് ലഭിക്കുന്ന ശമ്പളം വർധിച്ചിട്ടില്ലെങ്കിൽ പോലും ഇന്ത്യയിലെ മൂല്യം താഴ്ന്നതിനനുസരിച്ച് അവരുടെ ശമ്പളത്തിന്റെ മൂല്യം വർധിക്കുകയാണല്ലോ . രൂക്ഷമായ വിലക്കയറ്റം, കർഷകരുടെ ആത്മഹത്യകൾ, കാർഷികരംഗത്ത് താങ്ങുവില ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളായി തുടരുന്ന കർഷക സമരം, വർദ്ധിച്ചുവരുന്ന അഴിമതികൾ, അന്താരാഷ്ട്ര വിശപ്പ് സൂചികളിൽ ഏറ്റവും അവസാനത്തെ തട്ടിൽ , കോർപ്പറേറ്റുകൾക്ക് മാത്രം ലഭ്യമാകുന്ന ജിഡിപി ആനുകൂല്യങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നാടുനീയുന്നത് എന്നാണ്
മതേതര വോട്ടുകൾ ചിതറരുത്
കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികൾക്ക് മഹാഭൂരിപക്ഷം ലഭിച്ച’ അധികാരത്തിൽ വന്നെങ്കിലും, ശ്രദ്ധേയമായ ഒരു വസ്തുത അവർക്ക് ഇതുവരെ മൂന്നിലൊന്ന് ആളുകളുടെ പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതാണ്. അതിനർത്ഥം മൂന്നിൽ രണ്ട് ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളായ പൗരന്മാർ സംഘപരിവാറിനെl മതരാഷ്ട്രവാദത്തിൻ എതിരാണ് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. എന്നാൽ സാങ്കേതികമായി അവർക്ക് വിജയിക്കാൻ സാധിച്ചത്, മതേതര ജനാധിപത്യ ശക്തികളുടെ വോട്ടുകൾ ഒരു പെട്ടിയിലേക്ക് കേന്ദ്രീകരിക്കാതെ പല വിഭാഗങ്ങളിലേക്ക് പോയതുകൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്.
ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി പ്രതീക്ഷിക്കുന്നത് വർഗീയതയും വിഭാഗീയതയും എതിരെയുള്ള പോരാട്ടത്തിന് ഭാഗമായി ഇത്തരം ശക്തികൾക്കെതിരെ ഒറ്റ എതിർ സ്ഥാനാർഥിയെ നിർത്തി വിജയിക്കുക എന്നതായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ പല സംസ്ഥാനങ്ങളിലും അത് നടന്നിട്ടില്ല എങ്കിലും അവർ തമ്മിൽ ചില ധാരണകൾ ഉണ്ടാക്കി എടുത്താൽ ഇത്തരം വിഭാഗീയ ശക്തികളെ തോൽപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. സംഘടനയുടെയും പാർട്ടിയുടെയും കൊടിയുടെയും പേരിൽ അന്യോന്യം മേൽക്കോയ്മ അവകാശപ്പെട്ടുo, മതേതര ജനാധിപത്യ ശക്തികൾ തമ്മിൽ അന്യോന്യം പോരടിച്ചു, എതിരാളി പോലെ പ്രവർത്തിച്ചാൽ അതിൻറെ ഇടയിലൂടെ ഇത്തരത്തിലുള്ള വിഭാഗീയ ശക്തികൾ വീണ്ടും അധികാരത്തിൽ ഏറുമെന്ന് തിരിച്ചറിവാണ് മതേതര ജനാധിപത്യ പാർട്ടികളിലെ നേതാക്കൾക്കും അണികൾക്കും ഉണ്ടാവേണ്ടത്. ഒരു കാരണവശാലും മതേതര-ജനാധിപത്യ വോട്ടുകൾ ചിതറി പല പെട്ടിയിലായി പോകരുത് എന്ന കാര്യത്തിൽ എല്ലാവരും പൊതു ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന പൊതു ശത്രുവിനെതിരെ എല്ലാം മറന്ന് സഹകരിച്ചുകൊണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ മതേതര ജനാധിപത്യ ശക്തികൾക്ക് സാധിക്കണം.
ബാലറ്റ് എന്ന വജ്രായുധം
കഴിഞ്ഞ 10 വർഷമായി ഇന്ത്യയിലെ ജനങ്ങൾ മഹാ ദുരിതത്തിലാണ്. പൊതുമേഖലാസ്ഥാപനങ്ങൾ ഒട്ടനവധി വിറ്റു തീർക്കുകയും ആളോഹരി കടം വലിയ രൂപത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. തൊഴിലില്ലായ്മ കാരണം യുവാക്കൾ നാടുവിട്ടു കൊണ്ടിരിക്കുകയാണ്. രൂപയുടെ മൂല്യം അനുദിനം കുറഞ്ഞു കൊണ്ട് വരുന്നു. പെട്രോൾ ഡീസൽ പാചകവാതക വില ഒരു കാരണവുമില്ലാതെ ഉയർന്നു തന്നെ നിൽക്കുകയാണ്. അതിൻറെ വിലനിയന്ത്രണം കേന്ദ്രസർക്കാരിന് ഇല്ല എന്ന് ആവർത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വില കൂടാതെ പിടിച്ചു നിൽക്കുമ്പോൾ തന്നെ ഈ കളിക്ക് പുറകിൽ ആരാണെന്ന് എല്ലാവർക്കും വ്യക്തമാണ്. വർഷങ്ങളായി ഇന്ത്യയിലെ കർഷകർ താങ്ങുവില പ്രതീക്ഷിച്ചുകൊണ്ട് സമരരംഗത്താണ്. തൊഴിൽരംഗം തകർന്നിരിക്കുന്നു. പട്ടിണി സൂചികയിൽ ഏറ്റവും താഴെക്കിടയിൽ ആണ് ഇന്ത്യ.
ഇപ്പോഴും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുകയോ അത് ചർച്ച ചെയ്യുകയോ ചെയ്യാതെ, ജാതിയുടെയും മതത്തെയും പേരിൽ ജനങ്ങളെ വിഘടിച്ചു കൊണ്ട് വോട്ട് നേടാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജന വിരുദ്ധ പ്രവർത്തനങ്ങൾ മാത്രം നടത്തിക്കൊണ്ട് ഇലക്ഷൻ വരുന്നതിന് തൊട്ടുമുൻപ് മതവും ജാതിയും വർഗീയതയും ഒക്കെ പറഞ്ഞുകൊണ്ട് ഹിന്ദുവിനെയും മുസ്ലിമിനെയും പരസ്പരം അടി കൂടാൻ പ്രേരിപ്പിക്കുകയും അതു വഴി ലഭ്യമാകുന്ന ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ടുകൾ വഴി ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഈ തിരിച്ചറിയുക എന്നത് പ്രധാനപ്പെട്ടതാണ്. ചരിത്രത്തെ വക്രീകരിക്കുക, പട്ടണങ്ങളുടെ പേരുകൾ മാറ്റുക, പള്ളികളിൽ പുരാവസ്തു വകുപ്പിന് നേതൃത്വത്തിൽ നടത്തിയ തിരുമറികൾ വഴി അതിൻറെ താഴെയിൽ എവിടെയോ പഴയകാല ശിലാപ്രതിമകൾ ഉണ്ട് അവകാശപ്പെട്ടുകൊണ്ട് പള്ളികൾ പൊളിക്കുക, വിവിധ മത വിശ്വാസികളുടെ ആരാധനാലയങ്ങളിൽ അനാവശ്യമായ അവകാശ തർക്കങ്ങൾ ഉണ്ടാക്കുക തുടങ്ങിയ സ്ഥിരം പരിപാടിക്ക് ഏറ്റവും നല്ല മറുപടി മതേതര ജനാധിപത്യ വിശ്വാസികൾ ബാലറ്റിലൂടെ ആണ് നടത്തേണ്ടത്. ഈ രാജ്യം മതേതര ജനാധിപത്യ സമൂഹം ആയി നിലനിൽക്കണമെങ്കിൽ വർഗീയതയും ജാതീയതയും പ്രചരിപ്പിച്ചുകൊണ്ട് വോട്ടു വാങ്ങുന്ന ശക്തികൾ പരാജയപ്പെടുന്നതിനായി ബാലറ്റ് എന്ന വജ്രായുധം ഉപയോഗിച്ചുകൊണ്ട് നടത്തേണ്ടത് ഈ പോരാട്ടത്തിൽ ആരും മുഖം തിരിഞ്ഞിരുന്നു കൂടാ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വികസിത ഇന്ത്യയ്ക്ക് യുവാക്കളുടെ ഭാഗധേയം
ഇന്ത്യയിലെ 66 ശതമാനത്തോളം വരുന്ന ജനവിഭാഗം 35 വയസ്സിനു താഴെയുള്ളവരാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണ്. വർഗീയതയും വിഭാഗീയതയും ജാതീയതയും ഒക്കെ വളരെ കുറഞ്ഞ രൂപത്തിലാണ് ഈ യുവാക്കളിലും ചെറുപ്പക്കാരിലും ഉള്ളത് എന്നത് നല്ല കാര്യം തന്നെയാണ്. പ്രായംചെന്ന രാഷ്ട്രീയക്കാർ പറയുന്നതെല്ലാം എടുത്തുചാടി ചെയ്യാൻ മാത്രമുള്ള ബുദ്ധികുറവ് ഒന്നും യുവ സമൂഹത്തിൽ ഇല്ല. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിൽ വിമുഖത പ്രകടിപ്പിക്കുകയാണ് യുവാക്കൾ ചെയ്യുന്നത്.
18 വയസ്സു മുതൽ 35 വയസ്സ് വരെയുള്ള യുവാക്കളുടെ നിർണായകമായ ഇടപെടലുകളാണ് വർഗീയ ഫാസിസത്തെ തോൽപ്പിക്കാനുള്ള മികച്ച പരിപാടികളിൽ ഒന്ന്. യുവാക്കളെ നേരിട്ട് ബാധിക്കുന്ന തൊഴിലില്ലായ്മ, ജീവിതനിലവാരം, വികസനം, വിദ്യാഭ്യാസം, രൂപയുടെ മൂല്യം തുടങ്ങിയ കാര്യങ്ങളിൽ ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന അപകടകരമായ സാമ്പത്തിക നയങ്ങളെ എതിർക്കുകയും ഗൗരവത്തോടുകൂടി ഇതിൻറെ പ്രത്യാഘാതം യുവ സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്താൽ, സ്വാഭാവികമായും അവർ ഫാസിസത്തിനെതിരെ പ്രതികരിക്കാൻ സന്നദ്ധമാകുo എന്നുതന്നെയാണ് യാഥാർത്ഥ്യം. എന്നാൽ രാഷ്ട്രീയത്തിൽനിന്ന് വിമുഖത കാണിക്കുന്ന പല ചെറുപ്പക്കാരും വോട്ട് ചെയ്യാൻ പോലും താല്പര്യം പ്രകടിപ്പിക്കാത്ത രീതി ഇന്ന് വ്യാപകമായി കാണുന്നുണ്ട്. അതിനെതിരെ ശക്തമായ ബോധവൽകരണം നടത്തുകയും യുവാക്കളാണ് ഒരു രാജ്യത്തിൻറെ അന്തസത്ത എന്ന് ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള പ്രചാരണങ്ങൾ ആവശ്യമാണ്. ചെറുപ്പക്കാരും യുവാക്കളും ഒരുമിച്ചു നിന്നാൽ ഇത്തരത്തിലുള്ള വിഭാഗീയ പ്രവണതകളെ ശക്തമായി എതിർക്കാനും ബാലറ്റിലൂടെ വർഗീയ ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ സാധിക്കും എന്നത് യാഥാർത്ഥ്യമാണ്.
വെള്ളിയാഴ്ച വോട്ടെടുപ്പ് അവസരമാക്കി മാറ്റണം
കേരളത്തിലും മറ്റു ചില സ്ഥലങ്ങളിലും വെള്ളിയാഴ്ചകളിൽ വോട്ടെടുപ്പ് എന്നത് ഇപ്രാവശ്യത്തെ ഒരു പ്രത്യേകതയാണ്. പരമാവധി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും അവരെ പ്രകോപിപ്പിക്കുകയും അവരിൽ ഭീതി ഉണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇവരൊക്കെയും മുൻപന്തിയിൽ ഉണ്ടാകാറുണ്ടല്ലോ. മുസ്ലിം ക്രൈസ്തവ വിശേഷദിവസങ്ങളിൽ പരീക്ഷകൾ സംഘടിപ്പിക്കുക, സർക്കാരിൻറെ ഔദ്യോഗിക പരിപാടികൾ ആ ദിവസം തന്നെ നോക്കി പ്രത്യേകമായി വെക്കുക, ഇപ്പോൾ അവസാനം ചരിത്രത്തിൽ ഒന്നും നടക്കാത്ത രൂപത്തിൽ വെള്ളിയാഴ്ച ദിവസം പോളിംഗ് വെക്കുക പോലും സംഭവിക്കുന്നുണ്ട്. മുസ്ലിം സംഘടനകൾ മാത്രമല്ല മറ്റു മതേതര രാഷ്ട്രീയ സംഘടനകൾ എല്ലാം വെള്ളിയാഴ്ച പോളിംഗ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് കേട്ട ഭാവം പോലും നടിക്കാതെ വെള്ളിയാഴ്ച തന്നെ പോളിംഗ് വെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മുസ്ലിംകൾക്ക് പ്രത്യേക പ്രാർഥനകളും ജുമാ നമസ്കാരം ഒക്കെ ഉള്ള ദിവസം ആയതുകൊണ്ട് അതിനനുസരിച്ച് കൃത്യമായ ആസൂത്രണം വിശ്വാസികൾ ചെയ്യേണ്ടതുണ്ട്. ഏറ്റവും ഫലപ്രദമായ കാര്യം അതിരാവിലെ സുബഹി നമസ്കാരം കഴിഞ്ഞ ഉടനെ തന്നെ പോളിംഗ് ബൂത്തുകളിൽ പോയി ഫസ്റ്റ് വോട്ട് ചെയ്തു തിരിച്ചു വരുക, അല്ലെങ്കിൽ ആ ബാധ്യത നിർവഹിച്ച തിരിച്ചു വരിക എന്നതാണ് ആദ്യത്തെ മാർഗം. അതിന് സൗകര്യം ഇല്ലാത്തവർ ജുമാ നമസ്കാരത്തിന് ശേഷം ഒന്നിച്ചു പോയി വോട്ട് രേഖപ്പെടുത്താനും സാധിക്കും. വോട്ട് രേഖപ്പെടുത്തേണ്ടത് അനിവാര്യതയെക്കുറിച്ച് പള്ളികളിൽ ഓർമ്മിപ്പിക്കുന്നതും നന്നാകും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ വളരെ ലളിതമായ ആവശ്യത്തെ പോലും പരിഗണിക്കാതെ വിഭാഗീയമായി ചിന്തിക്കുന്ന അധികാരി വർഗ്ഗത്തെ നിലക്ക് നിർത്താൻ ബാലറ്റ് ഉപയോഗിക്കുക എന്ന് തന്നെയാണ് കരുണീയമായ മാർഗം
ജനവിരുദ്ധ സർക്കാരിനെ പരാജയപ്പെടുത്തണം
അഴിമതിയുടെ കാര്യത്തിൽ സർവകാല റെക്കോർഡ് സ്ഥാപിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വർഷം കേന്ദ്ര ഗവൺമെൻറ് ഭരിക്കുന്നത്. പി എം കെയർ ഫണ്ടിലെത്തിയ 12700 കോടി രൂപ ആരുടേതാണെന്ന് വ്യക്തമാക്കാത്ത കൊടിയ അഴിമതിയാണ് നടക്കുന്നത് . ദേശീയ അന്വേഷണ ഏജൻസികൾ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയും ഇലക്ട്രൽ ബോണ്ട് എന്ന പേരിൽ കൈക്കൂലി വാങ്ങിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതോടൊപ്പം തന്നെ പ്രതിപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും പ്രലോഭിച്ചുമൊക്കെ വരുതിക്കുള്ളിലാക്കാനും ശ്രമിക്കുന്നുണ്ട്. അഴിമതിയിലൂടെ കണ്ടെടുക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ എംഎൽഎമാരെയും എംപിമാരെയും മന്ത്രിമാരെയും മന്ത്രി പുത്രന്മാരെയും ഒക്കെ വിലക്ക് വാങ്ങുന്ന കുതിരക്കച്ചവടം ആണ് ഇന്ത്യയിൽ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് ഓരോ പൗരനും ചെയ്യേണ്ട ധർമ്മം. തങ്ങൾക്ക് 400 സീറ്റ് ലഭിക്കേണ്ടതുണ്ട് ലഭിച്ചാൽ ഭരണഘടനകൾ മാറ്റും എന്നു പറഞ്ഞ ബിജെപി എംപി ഇപ്പോഴും സജീവമായി തന്നെ പാർട്ടിയിൽ ഉണ്ട്. സൂചിപ്പിക്കുന്നത് അനുകൂലമായി ലഭിക്കുന്ന ഓരോ വോട്ടും ഇന്ത്യൻ ഭരണഘടനയെ തിരുത്തി എഴുതാൻ വേണ്ടി ഉപയോഗിക്കുന്നു എന്ന ഭീഷണമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് ഓരോ വോട്ടർമാരും ആലോചിക്കേണ്ടതുണ്ട് . അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മതേതര ജനാധിപത്യത്തിന് വേണ്ടിയിട്ടുള്ള അവസാനത്തെ വാഹനമായി തിരിച്ചറിഞ്ഞുകൊണ്ട് ഓരോ പൗരനും തങ്ങളുടെ ഭാഗതയം നിർണയിക്കേണ്ടതുണ്ട്.