സിനിമകളിലെ നായക കഥാപാത്രമായി അഭിനയിച്ച് താനതാണെന്ന തോന്നലില്‍ ജീവിക്കുന്ന ഒരു വിഡ്ഢിയായിട്ടാണ് സുരേഷ് ഗോപിയെ തോന്നിയിട്ടുള്ളത്

Opinions

ചിന്ത / ടി കെ ഉമ്മര്‍

90 കളില്‍ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ തനിക്ക് മുറി തരാതെ ശിവരാമന്‍ എം.പിക്ക് നല്‍കിയതിനെതിരെ പുള്ളി രോഷം കൊണ്ടതും പത്രത്തിലത് വാര്‍ത്തയായതും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ഒരു ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഇവരെല്ലാം കഴിഞ്ഞ് പൊതുജനത്തിന് കിട്ടുന്ന പരിഗണന മാത്രമേ സൂപ്പര്‍ സ്റ്റാറായാലും ഉള്ളൂ എന്നു തിരിച്ചറിയാത്തതു കൊണ്ടാണ് വിഡ്ഢി എന്നു പറഞ്ഞത്. ആ നായക സ്ഥാനത്തു നിന്ന് പുള്ളി ഇതുവരെ താഴെ ഇറങ്ങിയിട്ടില്ല.

ഇഷ്ടപ്പെടാത്ത ഒരു ചോദ്യം വന്നപ്പോള്‍ മോളേ എന്ന വഷളന്‍ വിളിയും കൊച്ചാക്കിയുള്ള കൈവെക്കലും അരോചകമായിരുന്നു. സിനിമയില്‍ മലയാളി കൈയ്യടിക്കുന്ന രംഗത്തിനു തുല്യം. പുരുഷന്റെ അധികാര പ്രയോഗം തന്നെയാണത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആ സ്ത്രീ കൃത്യമായി അതിനോട് പ്രതികരിക്കുകയും ചെയ്തു. ആ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ നിശ്ചയമായും കേസെടുത്തേ മതിയാവൂ.
പക്ഷേ, സുരേഷ് ഗോപി മാപ്പു പറഞ്ഞത് തൃപ്തി കരമായി തോന്നാത്തതു കൊണ്ട് IPC 354 A എന്ന ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത് കടന്ന കൈയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

എന്താണ് IPC സെക്ഷന്‍ 354 A?

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ പ്രകാരം, താഴെ പറയുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യുന്ന ഒരാള്‍
i) ശാരീരിക സമ്പര്‍ക്കവും അഭികാമ്യമല്ലാത്തതും വ്യക്തവുമായ ലൈംഗികാഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന നീക്കങ്ങള്‍; അഥവാ
ii)ലൈംഗിക ആനുകൂല്യങ്ങള്‍ക്കു വേണ്ടി ആവശ്യപ്പെടല്‍ അല്ലെങ്കില്‍ അഭ്യര്‍ത്ഥന, അഥവാ iii)സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കുന്നു; അഥവാ
iv)ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്;

ഇവയൊക്കെ ലൈംഗിക പീഡനത്തിനുള്ള കുറ്റക്കാരനാവും. i, ii, iii ക്ലോസുകള്‍ അനുസരിച്ച് ഏതൊരു പുരുഷനും 3 വര്‍ഷം വരെ ശിക്ഷ കിട്ടാം. (നിയമപരമായ കാര്യങ്ങള്‍ GR Santhosh Kumar ന്റെ പോസ്റ്റില്‍ നിന്ന്)

ഇത്തരത്തില്‍ ഒരു വകുപ്പ് ഇടാന്‍ പ്രത്യക്ഷത്തില്‍ സാധുതയുണ്ടോ? ഒരു കേസ് അസാധുവാക്കാന്‍ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം FIR ല്‍ സന്ദര്‍ഭത്തിനിണങ്ങാത്ത വകുപ്പുകള്‍ ചേര്‍ക്കുക എന്നുള്ളതാണ്. ഒരു പൊതു ഇടത്തില്‍ വെച്ച് നടത്തിയ അരോചകമായ ആ തലോടല്‍ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഏതെങ്കിലും ജഡ്ജി വിധിക്കുമെന്ന് തോന്നുന്നുണ്ടോ?

അപ്പോള്‍ കേസെടുക്കണ്ട എന്നല്ല, മറിച്ച് ആ കേസില്‍ 354 A പോലൊരു വകുപ്പു ചേര്‍ത്തത് പോലീസിന്റെ സംഘി ബുദ്ധിയല്ലാതെ മറ്റൊന്നല്ല. ഇത് പദയാത്രയില്‍ നാലു ചാലു നടന്നപ്പോള്‍ നാക്കു നീട്ടി കിതച്ച മനുഷ്യന് പുതിയൊരിമേജ് നിര്‍മ്മിക്കാനേ സഹായിക്കൂ. ഇപ്പോള്‍ തന്നെ അത് വന്നു കഴിഞ്ഞു. ഇതിനൊക്കെ കൈയ്യടിക്കുന്നവര്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു സുരേഷ് ഗോപി പടമാണ് കണ്ടു കൊണ്ടിരിക്കുന്നത് എന്നു മാത്രം മനസ്സിലാക്കുക.