നിരീക്ഷണം / കെ കെ സുരേന്ദ്രന്‍
(ആദിവാസി നേതാവ് സി കെ ജാനുവിന്‍റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ അവരുടെ ജീവിതത്തെ പരിശോധിക്കുകയാണ് എഴുത്തുകാരനും ബുദ്ധിജീവിയുമായ കെ കെ സുരേന്ദ്രന്‍. Rat പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന അടിമ മക്ക എന്ന ആത്മകഥ ഞായറാഴ്ചയാണ് പ്രകാശനം ചെയ്യുന്നത് )
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്റെ വീട് െ്രെകംബ്രാഞ്ച് റെയ്ഡ് ചെയ്തു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് റവന്യൂ സംഘമാണ് റെയ്ഡിനെത്തിയത്. കോടതിയുടെ ഉത്തരവുമായെത്തിയ സംഘത്തില്‍ യൂനിഫോം ധരിച്ചവരും അല്ലാത്തവരും ഉണ്ടായിരുന്നു. അതിരാവിലെ ഞങ്ങള്‍ ഉണരുന്നതിന് മുമ്പേ അവരെത്തി. വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഒരു മുറിയില്‍ വൃദ്ധനും രോഗിയുമായ എന്റെ അച്ഛന്‍ ഉറങ്ങുന്നുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അഭ്യര്‍ത്ഥന മാനിച്ച് അവരദ്ദേഹത്തെ ഉണര്‍ത്തിയില്ല. സി.കെ. ജാനുവിന് ബി.ജെ.പിക്കാര്‍ കൊടുത്ത കോഴപ്പണം അന്വേഷിച്ചായിരുന്നു അവര്‍ വന്നത്.
ജാനു പണം വാങ്ങി എന്നെ ഏല്‍പ്പിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. എന്റെ ജീവിതത്തില്‍ പൊലീസ് നടപടികള്‍ക്ക് വിധേയനായ സന്ദര്‍ഭങ്ങളൊക്കെ സി.കെ. ജാനുവുമായി ബന്ധപ്പെട്ടതായിരുന്നു. മുത്തങ്ങ സമരത്തില്‍ പ്രതി ചേര്‍ത്ത് 2003ലായിരുന്നു ആദ്യത്തേത്. അതി ഭീകരമായ കസ്റ്റഡി മര്‍ദ്ദ നവും പീഡനവും അന്നെനിക്കേറ്റു. ജയില്‍വാസവും ആശുപത്രിവാസവും തുടര്‍ന്നുണ്ടായി. അന്നത്തെ ജാനുവും ഇന്നത്തെ ജാനുവും സ്മൃതി പഥത്തില്‍ വേദനയായി തുടരുന്നു. അന്ന് തീവ്രവാദിയെന്ന് മുദ്രകുത്തി അടി കൊണ്ട് വീര്‍ത്ത കവിളുമായി അപമാനിതയായാണ് ജാനുവിനെ പൊതു സമൂഹവും പൊലീസും ഭരണകൂടവും കണ്ടത്. ഇന്ന് സംഘ പരിവാരവുമായി കൂട്ടു ചേര്‍ന്ന് കോഴ വാങ്ങിയ സമുദായ വഞ്ചകിയായി അവരെ ചാപ്പ കുത്തുന്നു. ആരാണ് സി.കെ. ജാനു ? എന്താണവരുടെ ചരിത്രത്തിലെ സ്ഥാനം?
എ കെ ജി
1970 കളില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ വര്‍ഗീസ് എ.കെ.ജിയുടെ നിര്‍ദ്ദേശം ശിരസാ വഹിച്ച് വയനാട്ടിലെത്തി തന്റെ ജന്മദേശത്തെ ഏറ്റവും പീഡിതരായ അടിയര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും കര്‍ഷകരെയും തൊഴിലാളികളേയും സംഘടിപ്പിക്കുകയും സമരം ചെയ്യുകയും അവര്‍ക്ക് അന്തസായ ജീവിതം പ്രദാനം ചെയ്യാന്‍ സഹായിച്ച മഹാനായ ഏ കെ ജി തനിക്കു ചെയ്യാന്‍ കഴിയാതിരുന്ന ഒരു ദൗത്യം തന്റെ സഖാവിനെ ഏല്‍പ്പിച്ചതാവാം. കാലാന്തരത്തില്‍ ഏ.കെ.ജിയേയും പാര്‍ട്ടിയേയും തന്നെ ഉപേക്ഷിച്ച വര്‍ഗീസ് ആദിവാസികളായ അടിയരെ സംഘടിപ്പിച്ച് ജന്മിമാര്‍ക്കും ഭരണകൂടത്തിനും അടിമപ്പണിക്കുമെതിരെ സായുധ സമരം നടത്തി. പൊലീസ് അദ്ദേഹത്തെ പിടികൂടി വെടി വെച്ച്‌കൊന്നു.
അദ്ദേഹത്തിന്റെ സമര സഖാക്കളായ ആദിവാസികളെ ക്രൂരമായി വേട്ടയാടി. പലരും ജയിലിലായി, അല്ലാത്തവര്‍ നാടു വിട്ടോടി. വര്‍ഗീസിനെ പിടികൂടാനെത്തിയ കേരള പൊലീസ് തിരുനെല്ലിയെ അക്ഷരാര്‍ത്ഥത്തില്‍ ശത്രു രാജ്യമായി കണ്ട് അധിനിവേശം നടത്തി. ക്രൂരമായ ഭവനഭേദനങ്ങളും കസ്റ്റഡി ഭേദ്യങ്ങളും ബലാത്സംഗങ്ങളും നരി നിരങ്ങി മലയടിവാരത്തിന്റെ നരക കാഴ്ചകളായി. തുടര്‍ന്നിങ്ങോട്ട് രണ്ടു പതിറ്റാണ്ട് ആരും ആദിവാസികളുടെ കാര്യം ചിന്തിച്ചിട്ടേയില്ല. അതിനിടെ വള്ളിയൂര്‍കാവില്‍ വെച്ചുള്ള ആദിവാസിലേലവും വല്ലി കെട്ടെന്ന അടിമ വേലയും അവസാനിച്ചു.
പി.കെ. കാളന്‍ എന്നൊരു ആദിവാസി കമ്യുണിസ്റ്റുകാരനെ കേരളത്തിനറിയാം. യുവാവായിരുന്നപ്പോള്‍ വര്‍ഗീസിന്റെ കൂടെയായിരുന്നു താനെന്നദ്ദേഹം പറയാറുണ്ടായിരുന്നു. മുമ്പൊരു തെരഞ്ഞെടുപ്പില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സി. കരിയന്‍. രണ്ടു പേരും ബന്ധുക്കളായിരുന്നു.
സി കെ ജാനു
അങ്ങിനെ കാളന്‍ ജാനുവിന് അമ്മാവനും കരിയന്‍ അച്ഛനുമായി. രണ്ട് കമ്യുണിസ്റ്റ് നേതാക്കളുടെ മകളും മരുമകളുമൊക്കെയായ ജാനുവിന്റെ ജീവിതം സാധാരണ അടിയ പെണ്‍കുട്ടിയുടേതായിരുന്നു. വിദ്യാഭ്യാസമില്ലാത്ത ബാല്യം. സാക്ഷരയായപ്പോഴത്തെ സ്വത്വാഭിമാനം . തൊണ്ണൂറുകളിലെ ഭൂസമര നായിക.
പിന്നീടു നാം കാണുന്നത് ആദിവാസികളുടെ സമരങ്ങളിലെ മുന്‍ നിര പോരാളിയായ ജാനുവിനെയാണ്. അമ്പുകുത്തി , ചീങ്ങേരി , പനവല്ലി എന്നിവിടങ്ങളിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അവരാണ്. അട്ടപ്പാടിയിലും ഇടുക്കിയിലുമൊക്കെ ആദിവാസി അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളില്‍ നേതൃത്വ പരമായ പങ്ക് ജാനു വഹിച്ചു. ഇപ്പോള്‍ അവര്‍ താമസിക്കുന്ന പനവല്ലിയിലെ ഭൂമി സമരത്തിലൂടെ നേടിയെടുത്തതാണ്. തുടര്‍ന്ന് മുത്തങ്ങ സമരത്തിനും നില്‍പ്പു സമരത്തിനും നേതൃത്വം നല്‍കി. ഇതിനിടയില്‍ നിരവധി തവണ അറസ്റ്റ്, മര്‍ദ്ദനം ,ജയില്‍വാസം , കേസ് തുടങ്ങിയവയെല്ലാം അനുഭവിച്ചു.
എ വര്‍ഗീസ്
സഖാവ് വര്‍ഗീസിനു ശേഷം ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച് സമരം ചെയ്ത ഒരേ ഒരാള്‍ സി.കെ. ജാനുവാണ്. വര്‍ഗീസ് കമ്യൂണിസ്റ്റായിരുന്നു , ജാനു അതല്ലാതായി. ഭരണകൂടത്തെ അട്ടിമറിച്ച് പുത്തന്‍ വ്യവസ്ഥക്കു വേണ്ടി വര്‍ഗീസ് നിലകൊണ്ടപ്പോള്‍ ഈ വ്യവസ്ഥയില്‍ ജനാധിപത്യപരമായി കിട്ടേണ്ട അവകാശങ്ങള്‍ക്കു വേണ്ടി ജാനു വാദിച്ചു. സമരം ചെയ്തു. വര്‍ഗീസ് സമര മാര്‍ഗമായി ഹിംസയെ ആശ്ലേഷിച്ചപ്പോള്‍ ജാനു അഹിംസയെ മുറുകെപ്പിടിച്ചു. ആത്യന്തികമായി ജാനു ആദിവാസിയും വര്‍ഗീസ് അവര്‍ക്കായി സ്വയം സമര്‍പ്പിച്ച അനാദിവാസി യുമായിരുന്നു. വര്‍ഗീസ് പൊലീസുകാരാല്‍ കൊല്ലപ്പെട്ടു ,ജാനു പൊലീസിന്റെ നൃശംസതയെ അതിജീവിച്ചു. ഫെബ്രുവരി 18 വര്‍ഗീസിന്റെ രക്തസാക്ഷി ദിനമായും ,ഫെബ്രുവരി 19 മുത്തങ്ങ ദിനമായി ജാനുവിന്റെ അതിജീവനത്തിന്റെ ഓര്‍മ ദിനമായും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു.
സമര നായിക എന്ന നിലയില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ച ആദിവാസി നേതാവായി കൂടി ജാനു വിലയിരുത്തപ്പെടേണ്ടതുണ്ട്. ബി.ജെ.പി.നേതാവില്‍ നിന്നും കോഴ വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്ന കേസില്‍ നടപടി നേരിട്ടു കൊണ്ടിരിക്കുകയാണിപ്പോഴവര്‍ . വയനാട്ടിലെ രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്ത വയാണ്. മാനന്തവാടി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സഹായത്തോടെ മത്സരിക്കാനുള്ള വിഫല ശ്രമത്തില്‍ നിന്നാണ് ജാനുവിന്റെ പാര്‍ലമെന്ററി വ്യാമോഹം ഉദയം ചെയ്യുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ സമരം മാത്രം ചെയ്ത ഒരാദിവാസി നേതാവ് അങ്ങിനെ ചിന്തിച്ചത് വലിയ തെറ്റായി വിലയിരുത്തുന്നവരുണ്ട്. ആദിവാസി എന്നും ‘പയിക്കിന്റോ ‘എന്നു നിലവിളിക്കട്ടെ, ഭൂമിയും സമ്പത്തും അധികാരവുമൊക്കെ മറ്റുള്ളവര്‍ക്കുള്ളതാണ് എന്ന സവര്‍ണ ബോധമാണവരെ നയിക്കുന്നത്. ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടു തവണ അവര്‍ മത്സരിച്ച് പരാജയപ്പെട്ടു. അതിനിടെ മുന്നണി മാറ്റം നടത്തി സി പി എമ്മിന്റെ പടിക്കല്‍ കുറച്ച് കാലം കാത്തു നിന്നു. ചരിത്രത്തിന്റെ പ്രഹസനമായ ആവര്‍ത്തനത്തില്‍ അവര്‍ കോഴ വിവാദത്തില്‍ പെട്ടു നില്‍ക്കുന്നു. കോടികളുടെ കോഴ വിവാദത്തില്‍ പെട്ടവര്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കേരളത്തിലാണ് ലക്ഷത്തിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയെന്ന പേരില്‍ ജാനു വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അവരുള്‍പ്പെടുന്ന അടിസ്ഥാന ജനവിഭാഗത്തിനായി സമരം ചെയ്ത സി.കെ. ജാനുവിനെ ചരിത്രം കുറ്റവിമുക്തമാക്കുക തന്നെ ചെയ്യും.