കല്പറ്റ: ബി ജെ പിയും ഇ പി ജയരാജനും തമ്മില്‍ പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചര്‍ച്ചകള്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളിലേയും ചില നേതാക്കളുമായി ബി ജെ പി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയില്‍ എത്തുമെന്നും നിങ്ങള്‍ പ്രതീക്ഷിക്കാത്ത പേരുകളും അതില്‍ ഉണ്ടാവുമെന്നും വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികൂടിയായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം. കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.