തിരുവനന്തപുരം: ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധിയുടെ (എഐ) സ്വാധീനം പത്ത് വര്‍ഷത്തിനുള്ളില്‍ 7 ട്രില്യണ്‍ മുതല്‍ 15 ട്രില്യണ്‍ ഡോളര്‍ വരെയാകുമെന്ന് ഡിജിമെന്‍റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ ശ്രീ ശ്രീനിവാസന്‍ പറഞ്ഞു. ജപ്പാനും യുഎസും ആയിരിക്കും ഇക്കാര്യത്തില്‍ മുന്‍പന്തിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ‘എ.ഐ: ബിയോണ്‍ണ്ട് ദി ഹൈപ്പ് ആന്‍ഡ് ബാക്ക് ലാഷ്’ എന്ന വിഷയത്തില്‍ ടെക്നോപാര്‍ക്കിലെ ഐടി സൊല്യൂഷന്‍ പ്രൊവൈഡര്‍ കമ്പനിയായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുകളുടെ വലിയൊരു പങ്ക് ഭാവിയില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുമെന്ന് ന്യൂയോര്‍ക്ക് സിറ്റി, ദി മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ ശ്രീനിവാസന്‍ പറഞ്ഞു. എ ഐ അധിഷ്ഠിത ജോലികളില്‍ ഭൂരിഭാഗവും ജപ്പാനും യുഎസും കൈയടക്കുമ്പോള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അതിന്‍റെ ശതമാനം കുറവായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലുതാണ്. സാങ്കേതികവിദ്യയുടെ പാത പിന്തുടരുന്ന പ്രവര്‍ത്തനം കടുപ്പമേറിയതാണ്. തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടു വേണം നിര്‍മ്മിത ബുദ്ധിയെ കുറിച്ച് ചിന്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.
എ ഐയുടെ ആഘാതം എല്ലാ വ്യവസായങ്ങളെയും സാമ്പത്തികമായടക്കം സ്വാധീനിക്കും. തൊഴില്‍ മേഖലയിലും ഇതിന്‍റെ പ്രതിഫലനമുണ്ടായിരിക്കും. നിര്‍മ്മിത ബുദ്ധി വരുത്തിയേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കുന്നതിനൊപ്പം അതിനെ സൂക്ഷ്മമായി ശ്രദ്ധിക്കാനും പുതിയ നൈപുണ്യങ്ങള്‍ പഠിച്ചെടുക്കാനും ശ്രീനിവാസന്‍ നിര്‍ദേശിച്ചു. എ ഐ കമ്പനികള്‍ നിര്‍മ്മിത ബുദ്ധി പ്രശ്നങ്ങള്‍ പരിഹരിക്കില്ല. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ മനുഷ്യന്‍റെ സംഘശക്തി തന്നെ വിജയിക്കും. ഭാവിയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രതികൂല ആഘാതത്തെ ചെറുക്കുന്നതിന് ആഗോളതലത്തില്‍ ടെക്നോപാര്‍ക്കില്‍ നിന്നുള്ള കമ്പനികള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുന്‍ അംബാസഡര്‍ ടിപി ശ്രീനിവാസന്‍, റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സിഇഒ ദീപ സരോജമ്മാള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.