ഇ പി വിവാദം കത്തുന്നതിനിടെ ബി ജെ പിയിലേക്കെന്ന സൂചന നല്‍കി സി പി എം മുന്‍ എം എല്‍ എയും

Kerala

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി എം നേതാവുമായ ഇ പി ജയരാജന്‍ ബി ജെ പി നേതാവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രതിസന്ധിയിലാക്കിയ സി പി എമ്മിനെ ഉലച്ച് മറ്റൊരു നേതാവുകൂടി ബി ജെ പിയിലേക്കെന്ന് സൂചന. മുന്‍ എം എല്‍ എ എസ് രാജേന്ദ്രനാണ് താന്‍ ബി ജെ പിയിലേക്കെന്ന സൂചനയുമായി രംഗത്തെത്തിയത്.

നേരത്തെ സി പി എം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ബി ജെ പിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് സി പി എം നേതൃത്വം ഇടപെട്ടു. ഇതോടെ പാര്‍ട്ടിയുമായി രമ്യതയിലായി എന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ് രാജേന്ദ്രന്‍ അറിയിച്ചിരുന്നത്.

ഇതിനിടെ എല്‍ ഡി എഫ് കണ്‍വീനറായ ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വിവാദമായിരിക്കെയാണ് സി പി എം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണെന്നും ഇത് തരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ ബി ജെ പി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും എസ് രാജേന്ദ്രന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. സി പി എമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ല താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സി പി എമ്മിനുള്ളതെന്നും എസ് രാജേന്ദ്രന്‍ പറയുന്നു.

പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ അറിയിച്ചതായും രാജേന്ദ്രന്‍ പറയുന്നു. അതേസമയം പ്രകാശ് ജാവദേക്കറും ഇപി ജയരാജനുമായുള്ള കൂടികാഴ്ചയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാലും പരസ്യമായി പങ്കുവയ്ക്കില്ലെന്നുകൂടി രാജേന്ദ്രന്‍ പറഞ്ഞു.

അതിനിടെ നാളെ തിങ്കളാഴ്ച സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയാണ്. യോഗത്തില്‍ ഇ പിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. രാജേന്ദ്രന്റെ പുതിയ നിലപാടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേയും നടപടി എടുത്തേക്കും. നടപടിയില്ലാത്ത സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്.

അതേസമയം ഇ പി ജയരാജന്റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നാണ് വിമര്‍ശനം.