അജ്മീർ കൊലപാതകത്തിന് പ്രേരണയായത് വിദ്വേഷ പ്രചാരണം: എസ് കെ എസ് എസ് എഫ്.

Kozhikode

കോഴിക്കോട്: രാജസ്ഥാനിലെ അജ്മീറിനടുത്ത ദൗറാഇയിലെ മദീന മസ്ജിദിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇമാം മൗലാന മാഹിർ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കൊല ചെയ്യപ്പെട്ടത് അത്യധികം ആശങ്കാജനകമാണെന്ന് എസ് കെ എസ് എസ് എഫ് സെക്രട്ടറിയേറ്റ്. തികഞ്ഞ വർഗീയവാദികളായ ഒരു പറ്റം അക്രമകാരികളെ രൂപപ്പെടുത്തിയെടുത്ത് അവരിലേക്ക് ഇസ്‌ലാമോഫോബിയ കുത്തിവെക്കാൻ പ്രധാനമന്ത്രിയുടെ പ്രസംഗം പോലും കാരണമായിട്ടുണ്ട്. ഇക്കാര്യത്തിൽ ഭീതിദമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. പള്ളികളും മദ്രസകളും എന്നും രാഷ്ട്ര നിർമ്മാണത്തിന് ഗുണകരമാവുന്ന പ്രവർത്തനങ്ങൾ മാത്രമാണ് നടത്താറുള്ളത്. പള്ളിയിൽ ആരാധനകൾക്ക് നേതൃത്വം നൽകുന്ന അവിടുത്തെ ഇമാം ഉറങ്ങിക്കിടക്കുമ്പോൾ കുട്ടികളുടെ മുന്നിലിട്ട് കൊല ചെയ്യപ്പെടുന്നത് കൊലയാളികളുടെ ആസൂത്രണവും മുന്നൊരുക്കവും വെളിപ്പെടുത്തുന്നതാണ്. രാജ്യത്തെ നീതിപീഠങ്ങൾ നേരിട്ട് ഇടപ്പെട്ട് കേസിൻ്റെ തുടർ നടപടികൾ നിരീക്ഷിച്ചാൽ മാത്രമേ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടാൻ കഴിയൂ എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു . അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, താജുദ്ദീൻ ദാരിമി പടന്ന , സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി , അൻവർ മുഹിയദ്ധീൻ ഹുദവി, ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.