കേരളത്തില്‍ എന്തും നടക്കും, മേയറെ രക്ഷിക്കാന്‍ മെമ്മറി കാര്‍ഡ് മാറ്റി ? ഡ്രൈവറെ ബലിയാടാക്കന്‍ കാര്‍ഡ് കവര്‍ച്ചയോ

Kerala

തിരുവനന്തപുരം: ഡ്രൈവറെ ബലിയാടാക്കാന്‍ മെമ്മറി കാര്‍ഡ് കവര്‍ച്ചയോ. മേയറും കുടുംബവും ഡ്രൈവറുമായി കൊമ്പുകോര്‍ത്ത കെ എല്‍ 15 എ 763 എന്ന കെ എസ് ആര്‍ ടി സി ബസില്‍ മൂന്ന് സിസി ടിവി ക്യാമറയുണ്ട്. ഇതിന്റെ മെമ്മറി കാര്‍ഡാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നതെന്ന വാര്‍ത്ത പുറത്തുവരുന്നത്. കേസില്‍ നിര്‍ണായകമാകേണ്ട മെമ്മറി കാര്‍ഡില്‍ ഇതോടെ ആശയക്കുഴപ്പം ഉയരുകയാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയും റോഡിന് കുറുകെ കാറിട്ട് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത് വിവാദമായിരുന്നു. ബസ് തടഞ്ഞ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ദിവസവേതനക്കാരനായ ഡ്രൈവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. ഇതിനെതിരെ ഡ്രൈവര്‍ പരാതിയുമായി രംഗത്തെത്തുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബസ്സിലെ മെമ്മറി കാര്‍ഡ് അപ്രത്യക്ഷമാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണ്. ഈ ദൃശ്യം പരിശോധിക്കാനാണ് പൊലീസ് തമ്പാനൂര്‍ സ്റ്റാന്‍ഡിലെത്തിയത്. ബസില്‍ പരിശോധിച്ച ശേഷം പൊലീസാണ് മെമ്മറി കാര്‍ഡ് ഇല്ലെന്ന് വ്യക്തമാക്കിയത്. ഇതിലും അന്വേഷണം നടത്തും.

കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയത് അറിഞ്ഞാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമായിരുന്നു. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും. ഈ സാഹചര്യത്തില്‍ സിസിടിവി ദൃശ്യം നിര്‍ണ്ണായകമായിരുന്നു. ഇതാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

അതേസമയം ബസ് ഓടിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ യദു പറയുന്നു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നുവെന്നും യദു വിശദീകരിച്ചു കഴിഞ്ഞു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മെമ്മറി കാര്‍ഡ് മാറ്റിയതെന്നും യദു പറയുന്നു. ആരെങ്കിലും മെമ്മറി കാര്‍ഡ് ഊരിമാറ്റിയിരിക്കുമെന്നാണ് യദു പറയുന്നത്. മേയര്‍ക്കും എം എല്‍ എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്.

തന്റെ പരാതിയില്‍ കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്. മേയര്‍ക്ക് വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. അതിനിടെയാണ് മെമ്മറി കാര്‍ഡ് നഷ്ടമായെന്ന് പൊലീസ് തന്നെ പറയുന്നത്. അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എം എല്‍ എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡി ജി പിക്ക് കെ എസ് യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസ്സിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തില്‍, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മെമ്മറി കാര്‍ഡ് നഷ്ടമായതായി വാര്‍ത്ത വന്നിരിക്കുന്നത്.