കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷമായും പരോക്ഷമായും വടകര ലോക്സഭാ മണ്ഡലത്തിൽ ഉയർന്നുവന്ന വർഗീയ ധ്രുവീകരണം സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ജില്ലാ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘകാലം സംഘർഷങ്ങളുടെ ഭൂമിയായി മാറിയിരുന്ന വടകര, നാദാപുരം, കുറ്റ്യാടി ഭാഗങ്ങൾ ഇപ്പോൾ സമാധാന പാതയിലാണ്. രാഷ്ട്രീയ സംഘർഷങ്ങൾക്ക് വിട നൽകി മാനവികത ഉയർത്തിപ്പിടിക്കാൻ ആണ് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രസ്താവനങ്ങളും അഭിമുഖങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. നേതാക്കളുടെ മറ പിടിച്ചു സോഷ്യൽ മീഡിയ പോരാളികൾ ഉണ്ടാക്കുന്ന അതി വർഗീയത കൂടുതൽ മുറിവുകൾ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ആയതിനാൽ സർവ്വകക്ഷി യോഗം വിളിച്ചു പ്രദേശത്തെ ശാശ്വത സമാധാനം ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വാഹിദ് ചെറുവറ്റ, കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി , എപി നാസർ, ജില്ലാ സെക്രട്ടറിമാരായ, കെ.പി ഗോപി, റഹ്മത്ത് നെല്ലൂളി, കെ. ഷമീർ, അഹമ്മദ് പിടി, ട്രഷറർ ടി കെ അസീസ് മാസ്റ്റർ, അംഗങ്ങളായ, പിവി ജോർജ്, ബാലൻ നടുവണ്ണൂർ, സരിത ജി , ജുഗൽ പ്രകാശ്, എം അഹമ്മദ് മാസ്റ്റർ, നാസർ മാസ്റ്റർ പേരോട്, പിടി. അബ്ദുൽ കയ്യൂം , ഷറഫുദ്ദീൻ പി പി വടകര, സലീം കാരാടി , അഡ്വ ഇ.കെ മുഹമ്മദലി, എംഅഹമ്മദ് മാസ്റ്റർ, കെ.കെ ഫൗസിയ, എഞ്ചിനിയർ എം.എ സലീം, ടി പി മുഹമ്മദ്, ഷംസീർ ചോമ്പാല സംസാരിച്ചു.