കൊച്ചി: കേരളത്തെ നടുക്കി കൊടും ക്രൂരത. കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് കൊറിയര്‍ പാക്കറ്റിലാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, ഫ്ലാറ്റില്‍ നിന്നും കുഞ്ഞിനെ വലിച്ചെറിയുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്മെന്റില്‍ നിന്നും ഒരുപൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു ഡ്രൈവറാണ് ആദ്യം ഈ പൊതി കണ്ടത്. മാലിന്യമാണെന്ന് കരുതി ശുചീകരണ തൊഴിലാളികളെ അറിയിച്ചു. ചോര കണ്ടതോടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫഌറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ചോരമണമുള്ള ആണ്‍കുഞ്ഞാണ് ആ പൊതിക്കുള്ളിലെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികള്‍ പറയുന്നു. ഏഴുനിലയുള്ള കെട്ടിടത്തില്‍ നിന്നാണ് പൊതി എറിഞ്ഞത്.