മോദി സർക്കാറിനെ താഴെയിറക്കിയില്ലെങ്കിൽ രാജ്യം നശിക്കും: സി.പി. ഉമർ സുല്ലമി

Kasaragod

കെ. എൻ. എം മർകസുദ്ദഅവ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

കാസർകോഡ്: രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, പട്ടിണി ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ മുസ്ലിം സമുദായത്തെ ശത്രുപക്ഷത്ത് നിർത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കെ.എൻ.എം മർകസുദവ സംസ്ഥാന ജന: സെക്രട്ടറി സി.പി. ഉമർ സുല്ലമി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിൽ രാജ്യം ആർജ്ജിച്ച പുരോഗതികളെല്ലാം തകർത്തെറിയപ്പെട്ടു.

രാജ്യത്തെ യുവാക്കൾ തൊഴിൽ രഹിതരായി ജീവിതം വഴിമുട്ടി നില്കുമ്പോൾ കേന്ദ്ര സർവിസിലും റയിൽവെ പോലുള്ള പൊതുമേഖലാ സംരഭത്ളിലും ലക്ഷക്കണക്കിന് തസ്തികകൾ നികത്താതിരിക്കുകയാണ് മോദി സർക്കാർ ‘
പൊതുമേഖലാ സ്ഥാപനങ്ങൾ കേൾപ്പറേറ്റുകൾക്ക് വിറ്റഴിച്ചു കൊണ്ടിരിക്കുന്നു.
കോവിഡ് വാക്സിൻ്റെ പേരിൽ വൻ മരുന്ന് വ്യാപാരികൾക്ക് കൊള്ളക്ക് അവസരമൊരുക്കുകയും രാജ്യത്തെ ജനങ്ങളെ കൊലക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കഴിഞ്ഞ പത്തു വർഷത്തെ ഭരണ പരാജയം മറച്ചു വെക്കാൻ മുസ്ലിം സമ്യദായത്തിനു നേരെ മാന്യതയില്ലാതെ അധിക്ഷേപം നടത്തിയത് കൊണ്ട് പരിഹാരമാവില്ല.

മോദി ഭരണം ഇനിയും തുടർന്നാൽ രാജ്യം തന്നെ അപകടത്തിലേക്ക് അകപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ മോദി സർക്കാറിനെ താഴെയിറക്കാൻ രാഷ്ട്രിയ ഭിന്നതകൾ മറന്ന് ഇന്ത്യൻ ജനത ഒന്നിക്കണമെന്നും സി.പി. ഉമർ സുല്ലമി പറഞ്ഞു.

കാലം തേടുന്ന ഇസ്ലാഹ് എന്ന സന്ദേശവുമായി
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ പ്രചാരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദ്ദേഹം.

ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ കേരളീയ മുസ്ലിംകൾ കയ്യൊഴിഞ്ഞ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച് നവോത്ഥാന മുന്നേറ്റത്തെ തടയിടുന്ന നവയാഥാസ്ഥിതിക പ്രചാരകരെക്കുറിച്ച് മുസ്ലിം സമുദായം ജാഗ്രവത്താവണമെന്ന് സി.പി. ഉമർ സുല്ലമി പറഞ്ഞു. ഇസ്ലാം എളുപ്പവും മിതത്വവ്യമാണെന്ന യാഥാർത്ഥ്യത്തെ അവഗണിച്ച് പ്രമാണങ്ങളുടെ തെറ്റായ വായനയിലൂടെ അനുഷ്ഠാന തീവ്രവാദം ആചാരമാക്കുകയും അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

മാരണം, കൂടോത്രം, ജിന്ന് ചികിത്സ, പിശാച് സേവ തുടങ്ങിയ അന്ധ വിശ്വാസങ്ങളെ കടത്തി കൊണ്ട് വന്ന് മുസ്ലിം സമുദായത്തെ വീണ്ടും യാഥാസ്ഥിതികതയിലേക്ക് വഴി നടത്തുന്നവരെ ചെറുക്കുക തന്നെ വേണമെന്ന് ഉമർ സുല്ലമി പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ഡോ. കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം. അഹ്മദ് കുട്ടി മദനി, എൻ.എം അബ്ദുൽ ജലീൽ, പ്രഫ.കെ. പി സകരിയ്യ ,അലി മദനി മൊറയൂർ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, ഡോ. ജാബിർ അമാനി, അബ്ദുൽ കലാം ഒറ്റത്താണി റിഹാസ് പുലാമന്തോൾ, അബ്ദുസ്സലാം മുട്ടിൽ, മിസ്ബാഹ് ഫാറൂഖി, അബ്ദുൽ ഗഫൂർ സ്വലാഹി, ഫൈസൽ നന്മണ്ട,ഫൈസൽ ചക്കരക്കല്ല്, ആദിൽ നസീഫ് , നിഷ്ദ പി , അബ്ദുറഊഫ് മദനി പ്രസംഗിച്ചു.

കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ എഞ്ചിനിയർ പി സൈതലവി, സി. അബ്ദുൽ ലത്തീഫ്, പ്രഫ: ശംസുദീൻ പാലക്കോട്, ഡോ. അനസ് കടലുണ്ടി, പി.പി ഖാലിദ്, ബി.പി.എ ഗഫൂർ, കെ.പി അബ്ദുറഹിം, സുഹൈൽസ്വാബിർ പ്രസീഡിയം നിയന്ത്രിച്ചു.