എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

Wayanad

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട്‌ -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാർത്ഥികളും വിജയം കൈവരിച്ചു. അതിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും 91 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി 81 ശതമാനം മാർക്കോടെ ഗായത്രി ജെ എന്ന വിദ്യാർത്ഥിനി മികച്ച വിജയം നേടി.

2013 ൽ ആയിരുന്നു ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആദ്യ ബാച്ച് ആരംഭിച്ചത്. ശേഷം 5 ബാച്ചുകളിലായി 750 ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി .
2020 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി മെഡിസിൻ, ഫോറെൻസിക് മെഡിസിൻ & ടോക്സിക്കോളജി എന്നീ തിയറി പേപ്പറുകളുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും മൂല്യനിർണ്ണയത്തിലൂടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്തുന്നത് കൂടാതെ സാമൂഹ്യ സേവന രംഗത്തും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചു. അർപ്പണ മനോഭാവമുള്ള അധ്യാപകരുടെ യോജിച്ച പ്രവർത്തനവും വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യവും മികച്ച പഠന സൗകര്യങ്ങളും കോളേജിന്റെ ഈ ഉന്നത വിജയത്തിലേക്കുള്ള ദൂരം നന്നേ കുറച്ചു.