അന്താരാഷ്ട്രാ ജൈവ വൈവിധ്യദിനം ആചരിച്ചു

Wayanad

കല്പറ്റ: അന്താരാഷ്ട്രാ ജൈവവൈവിധ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ചിന്തയും പരിസ്ഥിതി സംരക്ഷണവും വളര്‍ത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന ശാസ്ത്ര സമീക്ഷ പരിപാടിക്ക് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കമായി. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, കൃത്രിമ ബുദ്ധി എന്നിങ്ങനെ ശാസ്ത്രത്തെ പരിസ്ഥിതി സംരക്ഷണത്തിനായി എങ്ങനെ എല്ലാം പ്രയോജനപ്പെടുത്താം എന്ന് വിവിധ വിദഗ്ധര്‍ കുട്ടികളെ ബോധവല്‍ക്കരിക്കും. ക്ലാസ്സുകള്‍ക്ക് പുറമെ, കുട്ടികള്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍, എം എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം, ക്വിസ് മത്സരങ്ങള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികളില്‍ കൗതുകം ജനിപ്പിക്കാന്‍ ഉതകുന്ന വിവിധ പരിപാടികള്‍ ശാസ്ത്ര സമീക്ഷയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വയനാട്ടിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 250 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എ നസീമ ടീച്ചര്‍ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കല്പറ്റ) പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ ഷക്കീല പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഡോ സനു ഫ്രാന്‍സിസ് (അസിസ്റ്റന്റ് പ്രൊഫസര്‍, മറിയ മാതാ കോളേജ്, മാനന്തവാടി), സജി, ജോസഫ് ജോണ്‍ (സയന്റിസ്റ് എം എസ് എസ് ആര്‍ എഫ്), സുജിത് മാരോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.