കലാവര്‍ത്തമാനം/ ഗഫൂര്‍ വെണ്ണിയോട്
വെണ്ണിയോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും തന്നില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് സജീഷ് എന്ന കലാകാരന്‍. ദൈവം തനിക്ക് കനിഞ്ഞു നല്‍കിയതാണ് ഈ സര്‍ഗ്ഗവൈഭവമെന്നും അതിനാല്‍ തന്നെ അണഞ്ഞുപോകാതെ കലയെ പ്രശോഭിപ്പിച്ച് നിര്‍ത്തണമെന്നുമാണ് സജീഷിന്റെ പക്ഷം. സജീഷിന്റെ കലാരൂപങ്ങള്‍ കാണുന്ന ആര്‍ക്കും ഇത് ബോധ്യമാവുകയും ചെയ്യും.
കോട്ടത്തറ പഞ്ചായത്തിലെ മാങ്ങോട്ട് കുന്നിലെ കാരണവര്‍ അനന്തേട്ടന്റെ മകന്‍ സജീഷാണ്. പഠിക്കാന്‍ മിടുക്കനും കരവിരുതില്‍ അഗ്രഗണ്യനുമായ സജീഷ് ഡിഗ്രിയും മാസ്റ്റര്‍ ബിരുദവും പൂര്‍ത്തിയാക്കിയത് കോഴിക്കോട് ഫാറൂഖ് കോളേജിലായിരുന്നു. ഒഴിവുകിട്ടുമ്പോഴെല്ലാം കൂലിപ്പണിയെടുത്താണ് സജീഷ് പഠനത്തിനും പാഠ്യേതര ചിലവുകള്‍ക്കും പണം കണ്ടെത്തിയത്. കഷ്ടപ്പെട്ട് പഠിക്കുന്നതിനൊപ്പം തന്നെ ദൈവീകമായി ലഭിച്ച കഴിവുകള്‍ വികസിപ്പിക്കാനും സജീഷിന് കഴിഞ്ഞത് കഠിനാധ്വാനം കൊണ്ട് മാത്രമാണ്.
സജീഷിനെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. ചിപ്പോഴെല്ലാം ഇതിനെ പരിഹാസത്തോടെ ചിലരെങ്കിലും കണ്ടിട്ടുമുണ്ടാകും. എന്നാലും ഇതിനൊന്നും ചെവിടൊകുക്കാതെ ദൈവം കനിഞ്ഞു നല്‍കിയ സര്‍ഗ്ഗ വൈഭവത്തെ ഉടയാതെ സൂക്ഷിക്കാന്‍ ഈ കൊച്ചു കലാകാരന്‍ ശ്രദ്ധിച്ചു പോന്നു.
ചുമര്‍ ഡിസൈന്‍, മ്യൂറല്‍ പെയിന്റിങ്ങ്, പ്രതിമ നിര്‍മ്മാണം, ഗാര്‍ഡന്‍ സെറ്റിങ്ങ്, മേയ്ക്കപ്പ് തുടങ്ങിയ എല്ലാ മേഖലയും സജീഷിന് വഴങ്ങും. പഠനാനന്തരം കോഴിക്കോട് മാതൃഭൂമിയില്‍ ലൈബ്രേറിയനായി ജോലി നോക്കിയിരുന്ന ഇദ്ദേഹം ഇപ്പോള്‍ പീച്ചങ്കോട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുകയാണ്.
ഈ പ്രതിഭക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയും. സജീഷിന്റെ കലയെ കറിച്ച് കൂടുതല്‍ അറിയുന്നതിന് നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ 96333 53078 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.