അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം സാധ്യമാകണം: ടി.പി അബ്ദുല്ലക്കോയ മദനി

Kozhikode

കോഴിക്കോട്: വിശ്വാസവും ആത്മീയതയും മറയാക്കി സമ്പത്തും,ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകർക്കെതിരെ സാമൂഹിക നവോത്ഥാനം സാധ്യമാകണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു.

കെ.എൻ.എം-ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ‘അഹ്ലുസ്സുന്ന: വിശ്വാസവും വ്യതിയാനവും’ എന്ന തലക്കെട്ടിൽ കോഴിക്കോട് കെ.പി കേശവ മേനോൻ ഹാളിൽ വെച്ച് നടന്ന ആദർശപാഠശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം വിളംബരം ചെയ്യുന്നത് സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മഹത് സന്ദേശങ്ങളാണ്. ഭീകരതയും വർഗീതയും വിനാശം മാത്രമേ വിളിച്ചു വരുത്തുകയുള്ളൂവെന്നും ഭിന്നിപ്പിക്കലിൻ്റെ ആശയങ്ങളെ ചേർന്നു പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുർആനിനെയും പ്രവാചക അധ്യാപനങ്ങളെയും ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ മന്ത്രവാദ,ആത്മീയ ചൂഷണം നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ.എം വൈ.പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ആദൃശ്ശേരി, അഹമ്മദ് അനസ് മൗലവി, സഅദുദ്ദീൻ സ്വലാഹി, റഹ്മത്തുല്ല സ്വലാഹി, ഹാഫിസ് റഹ്മാൻ മദനി,ജുനൈദ് സലഫി,സി.മരക്കാരുട്ടി എന്നിവർ പ്രസംഗിച്ചു.