എ വി ഫര്‍ദിസ്
കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കെ എന്‍ എം (മര്‍ക്കസുദഅവ) സംസ്ഥാന നേതാക്കളുമായി ശശി തരൂര്‍ എം പി ചര്‍ച്ച നടത്തി. മലപ്പുറത്തെ വളാഞ്ചേരിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി ഫസല്‍ ഗഫൂറും സന്നിഹിതനായിരുന്നു. കെ എന്‍ എം സംസ്ഥാന ഭാരവാഹികളായ ഡോ. കെ പി സെക്കരിയ, ഐ പി അബ്ദുസ്സലാം, എം ടി മനാഫ് മാസ്റ്റര്‍, ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ മതേതര ശക്തികളുടെ കൂട്ടായ്മയാണ് പ്രധാനമായും ചര്‍ച്ചയായത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നോക്ക വിഭാഗങ്ങളുടെയും അപരവത്കരണത്തിനെതിരെ അവരെ ചേര്‍ത്തുപിടിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതായി കെ എന്‍ എം മര്‍കസുദ്ദഅവ നേതാക്കള്‍ അറിയിച്ചു.
എന്‍ എസ് എസ് ആസ്ഥാനത്തെ മന്നം ശതാബ്ദി ചടങ്ങിലെ മുഖ്യ സാന്നിധ്യം, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെ സന്ദര്‍ശനം എന്നിവക്ക് ശേഷം ഒരു മുസ്ലിം സാമുദായിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച കൂടി നടത്തിയത് ഏറെ ശ്രദ്ധ നേടുകയാണ്. അടുത്ത ദിവസം കോഴിക്കോട് എത്തുന്ന ശശി തരൂര്‍ സമസ്ത, കെ എന്‍ എം ഔദ്യോഗിക വിഭാഗം, വിസ്ഡം ഗ്രൂപ്പ് എന്നിവരുമായും ചര്‍ച്ച നടത്തുന്നുണ്ട്. കോഴിക്കോട്ടെ പ്രശസ്തമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തുന്നുണ്ട്.