ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് തീ പിടിച്ച് രോഗി വെന്തുമരിച്ചു

Kozhikode

കോഴിക്കോട്: ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രോഗി വെന്തുമരിച്ചു. രാത്രി രണ്ടര മണിക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമാണ് അപകടം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. സുലോചനയെ ശസ്ത്രക്രിയയ്ക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് അപകടം നടന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചതെന്നും ആംബുലന്‍സും ട്രാന്‍സ്‌ഫോര്‍മറും കടകളും അടക്കം കത്തുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. സൂലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് അറിയില്ല. ആംബുലന്‍സ് വരുന്നത് കണ്ടിട്ടില്ല. ഇടിയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കുന്നത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള തീ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും പടരുകയായിരുന്നു. ബാക്കിയെല്ലാവരും തെറിച്ചുവീണു. രോഗിയെ രക്ഷിക്കാനായില്ല എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വിശദീകരിച്ചു.

സുലോചനയടക്കം ഏഴ് യാത്രക്കാരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീദ, ഡോക്ടര്‍, രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, ഡോക്ടര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഡിസ്ചാര്‍ജ് ആയി. അവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ല. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ പരിക്ക് ഗുരുതരമാണ്.