ആ കുടിശ്ശിക മറന്നേക്കൂ; മാസംതോറും ഒരു ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കിയേക്കും

Kerala

തിരുവനന്തപുരം: ആറുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നിലനിര്‍ത്തി തുടര്‍ന്ന് ഒരോ മാസവും പെന്‍ഷന്‍ നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ജനവിരുദ്ധകാര്യങ്ങള്‍ കൈക്കൊള്ളുമ്പോള്‍ തന്നെ സര്‍ക്കാര്‍ ആളെ കൈയിലെടുത്തിരുന്നത് ക്ഷേമപെന്‍ഷന്‍ വിതരണം വഴിയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ കുറച്ചു പണം സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശിക സര്‍ക്കാറിന് മുമ്പില്‍ വെല്ലുവിളിയായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുടിശിക നിലനിര്‍ത്തി തുടര്‍ന്നങ്ങോട്ട് ഓരോ മാസവും അതത് മാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള നീക്കം നടത്തുന്നത്.

ഈ മാസം കൂടിയാകുമ്പോള്‍ ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാവും. ഇതുകൊടുത്തുതീര്‍ക്കാന്‍ 4800 കോടി രൂപവേണം. എന്നാല്‍ സര്‍ക്കാറിന്റെ പക്കല്‍ ഈ തുകയില്ലാത്ത അവസ്ഥയാണ്. സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുമ്പോള്‍ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ കൂടിയാണ് കുടിശിക നിലനിര്‍ത്തി അതത് മാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള വഴി തേടുന്നത്.

ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാമാസവും പെന്‍ഷന്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പിനുമുമ്പ് ഒരു ഗഡുവായ 1600 രൂപനല്‍കി. എന്നാലിത് കഴിഞ്ഞവര്‍ഷം നവംബറില്‍ കുടിശ്ശികയായിരുന്നു. ഈ മാസവും അടുത്ത ആഴ്ചയോടെ ഒരു ഗഡു നല്‍കാന്‍ ധനവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. അത് ഡിസംബറില്‍ നല്‍കേണ്ടതായിരുന്നു. രണ്ടുഗഡു പോലും ഒരുമിച്ച് നല്‍കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാരിന്റെ പോക്ക്.

ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് രൂപവത്കരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കമ്പനിയുടെ കൈയില്‍ മിച്ചമുണ്ടായിരുന്ന പണം ഒരു ഗഡുകൂടി നല്‍കാന്‍ തികയുമായിരുന്നു. എന്നാല്‍, സാമ്പത്തികവര്‍ഷാവസാനം ട്രഷറിയില്‍ പണമില്ലാതെ വന്നപ്പോള്‍ ഈ പണം അവിടേക്കുമാറ്റി. ട്രഷറി ഇപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റിലാണ്. ഈ പണം തിരിച്ചെടുക്കാനാവില്ല. മറ്റേതെങ്കിലും സ്രോതസ്സില്‍നിന്ന് വരുമാനം എത്തിയാലേ ഈ പണം കമ്പനിക്ക് തിരിച്ചുകിട്ടൂ. ഇത് കിട്ടിയിട്ടുവേണം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍.