കാമുകനൊപ്പം ജീവിക്കാന്‍16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

Thiruvananthapuram

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകന്‍ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കാമുകനുമൊത്ത് ജീവിക്കുന്നതിനായി മഞ്ജു മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയത്. ഇരുവര്‍ക്കും ജീവപര്യന്തം കഠിനതടവും 3,50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം കൂടെ പ്രതികള്‍ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.

മീരയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മഞ്ജു. ഇവിടെ വച്ചാണ് മീര മഞ്ജുവിനേയും അനീഷിനേയും ഒരുമിച്ച് കാണുന്നത്.

കാമുകനുമൊത്തുള്ള അവിഹിത ബന്ധം മകള്‍ കണ്ടതിനുപിന്നാലെയായിരുന്നു ക്രൂരകൃത്യം. ജൂണ്‍ 10-ന് രാത്രി അമ്മയും മകളും അനീഷിന്റെ വരവിനെച്ചൊല്ലി വഴക്കിട്ടു. ഇതിനു പിന്നാലെ, അനീഷിന്റെ സഹായത്തോടെ മഞ്ജു മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു.