പ്ലേയ്സ്മെന്‍റില്‍ മികച്ച നേട്ടവുമായി യു കെ എഫ് കോളേജ്

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജ് വ്യത്യസ്ത ബ്രാഞ്ചുകളില്‍ നിന്നായി പ്ലേയ്സ്മെന്‍റില്‍ മികച്ച നേട്ടം കൈവരിച്ചു. മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, വിഭാഗങ്ങളിലായി മുന്‍നിര കമ്പനികളില്‍ നിന്നും 200 ലധികം പ്ലേസ്മെന്‍റ് ഓഫറുകളാണ് വിദ്യാര്‍ത്ഥികളെ തേടിയെത്തിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ഏറ്റവും കൂടുതല്‍ കോര്‍ പ്ലേസ്മെന്‍റ് ഓഫറുകള്‍ നേടിയ എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നായി യു കെ എഫ് മാറി. വിദ്യാര്‍ത്ഥികള്‍ക്ക് അതാത് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്ലേസ്മെന്‍റ് നേട്ടം കൈവരിക്കാനായത്.

എഞ്ചിനീയറിംഗ് 4.O പദ്ധതിയുടെ ഭാഗമായി ഒന്നാം സെമസ്റ്റര്‍ മുതല്‍  വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കും വിധമാണ് പ്ലേസ്മെന്‍റ് പരിശീലനം നല്‍കുന്നതെന്ന് കോളേജ് മാനേജിംഗ് ഡയറക്ടര്‍ അമൃത പ്രശോബ് പറഞ്ഞു. ഇത്തരത്തില്‍ പഠനത്തോടൊപ്പം വ്യാവസായിക പരിശീലനവും നിര്‍മ്മാണാത്മകമായ അഭിരുചിയും സമന്വയിപ്പിച്ചു കൊണ്ടുള്ള പഠനപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബിവര്‍ഗീസ് വിശദീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരവും നൈപുണ്യ ശേഷിയും സ്കില്ലും ഉയര്‍ത്തുന്നതിന് ഇന്‍റര്‍വ്യൂ ട്രെയിനിങ്, സോഫ്റ്റ് സ്കില്‍ ഡെവലപ്പ്മെന്‍റ്, ആപ്റ്റിറ്റ്യൂഡ് ട്രെയിനിംഗ്, ടെക്നിക്കല്‍ ട്രെയിനിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ. ഗോപാലകൃഷ്ണശര്‍മ പറഞ്ഞു. പ്ലേസ്മെന്‍റ് ഓഫീസറും, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സുമായ ഡോ. രശ്മി കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്‍പതംഗടീമാണ് ഇത്തരത്തിലുള്ള പ്ലേസ്മെന്‍റുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.

ഇന്ത്യയിലെ മുന്‍നിര കമ്പനികളായ യു എസ് റ്റി ഗ്ലോബല്‍, പോപ്പുലര്‍ ഹ്യുണ്ടായി, പോപ്പുലര്‍ ജെസിബി, ഓട്ടോ ബാന്‍ ഭാരത് ബെന്‍സ്, ക്ഷേമ പവര്‍,  നിപ്പോണ്‍ ടൊയോട്ട, ലക്സണ്‍ ടാറ്റ, അല്ലിയന്‍സ് സര്‍വ്വീസസ്, റപ്പ്ള്‍സ് സൊല്യൂഷന്‍സ്, ക്രൈടെ സോഫ്റ്റ്വെയര്‍ സര്‍വ്വീസസ്, ഗ്ലോബല്‍ ക്വസ്റ്റ് ടെക്നോളജീസ്, എസ് എസ് ബി ടെക്നോളജി,ബില്‍ഡേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ടെക്കോസ എഡ്യു സൊല്യൂഷന്‍സ്, ആര്‍ക്കൈറ്റ്, എച്ച് ഡി എഫ് സി ലൈഫ്, ആന്‍സണ്‍ ഫിന്‍കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ 35 ലധികം കമ്പനികളിലാണ് വിദ്യാര്‍ത്ഥികള്‍ പ്ലേസ്മെന്‍റുകള്‍ നേടിയത്. കൂടാതെ ടി സി എസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ പത്തോളം കമ്പനികളിലേക്കുള്ള ഇന്‍റര്‍വ്യൂ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതായും കോളേജ് അധികൃതര്‍ പറഞ്ഞു.