കാടുകളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കരുത്: ഗ്രീൻ മുവ്മെന്‍റ്

Kozhikode

കോഴിക്കോട്: കേരളത്തിലെ കാടുകളിൽ കേരള വനം വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 500 ഹെക്ടറിലധികമുള്ള ഭൂമിയിൽ യൂക്കാലിപ്റ്റ്സ് ചെടികൾ വെച്ചുപിടിപ്പിക്കാൻ സർക്കാർ നൽകിയ അനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ഗ്രീൻ മുവ്മെന്റ് കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കേരളത്തിലെ കാടുകളിൽ യുക്കാലിപ്റ്റ്സ്, സെന്ന, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ പിടിമുറുക്കിയത് മൂലം, ജലലഭ്യതയും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ഫലങ്ങളും ശോഷിച്ചിരിക്കയാണ്. ഇതും മനുഷ്യ – വന്യജീവിസംഘർഷം വർധിച്ചു വരുന്നതിന് നിദാനമാണ്. ഈ സമയത്ത് ദിവസം 50 ലിറ്ററിലധികം ജലം ഊറ്റുന്ന യൂക്കാലിപ്റ്റ്സ് വെച്ചുപിടിപ്പിക്കാൻ അനുമതി നൽകുക വഴി പൊതു സമുഹത്തെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ചെയ്തിരിക്കുന്നതെന്ന് യോഗം നിരീക്ഷിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ചെയർമാൻ ശബരിമുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഈ വിഷയത്തിൽ ജൈവവൈവിധ്യദിനമായ മെയ് 22 ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതാണ്.
യോഗത്തിൽ ടി.ഗോപാലൻ മണാശ്ശേരി, സുധീഷ് സുഗുണാനന്ദൻ, അസീസ് കോടമ്പാട്ടിൽ, വിശ്വനാഥൻ കെ, എൻ.ശശികുമാർ, ഒ അബ്ദു, സുബീഷ് ഇല്ലത്ത്, ശ്രീധരൻ എലത്തൂർ സി.ഉഷാദേവി, കെ.സം.ഗീത, കെ. ദേവദാസ്, പി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.