ഭീഷണി നേരിടുന്ന പൈതൃകം

Articles

വി.ആര്‍.അജിത് കുമാര്‍

പൈതൃകം എന്നാല്‍ മുന്‍ തലമുറയില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട മൂല്യവത്തായ വസ്തുക്കള്‍,ഗുണങ്ങള്‍,പാരമ്പര്യങ്ങള്‍,സാംസ്ക്കാരിക ആവിഷ്ക്കാരങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്.നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്ന സ്മാരകങ്ങള്‍,കെട്ടിടങ്ങള്‍,കലാസൃഷ്ടികള്‍,പുരാവസ്തുക്കള്‍ എന്നിവയ്ക്കു പുറമെ ഭാഷകളും ആചാരങ്ങളും സംഗീതവും അനുഷ്ഠാനങ്ങളും നാടോടിക്കഥകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.സംരക്ഷിക്കേണ്ട പ്രധാന ഭൂപ്രകൃതികളും വനങ്ങളും ജൈവവൈവിധ്യവും ഭൂമിശാസ്ത്രപരമായ രൂപങ്ങളും ഈ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു ജനസമൂഹം എങ്ങിനെ വികസിച്ചുവന്നു, അവരുടെ ഭാഷ, സംസ്ക്കാരം എന്നിവയിലൂടെ പുതുതലമുറ എന്തെല്ലാം ആര്‍ജ്ജിച്ചു, വരുംതലമുറയ്ക്കായി എന്തെല്ലാം കാത്തുസൂക്ഷിക്കണം എന്നൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ലോക പൈതൃക ദിനം ചെയ്യുന്നത്.സ്മാരകങ്ങളും പൈതൃകസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും അവയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്താനും ചര്‍ച്ച ചെയ്യാനുമുള്ള ഉണര്‍വ്വു പകരാനും പൈതൃകദിനം അവസരം നല്‍കുന്നു.

ഇന്‍റര്‍നാഷണല്‍ കൌണ്‍സില്‍ ഓണ്‍ മോണുമെന്‍റ്സ് ആന്‍റ് സൈറ്റ്സ് ആണ് 1982 ഏപ്രില്‍ 18ന് പൈതൃകദിനം ആചരിക്കണം എന്ന നിര്‍ദ്ദേശം യുനസ്കോയ്ക്ക് മുന്നില്‍ വച്ചത്. 1983 ല്‍ ചേര്‍ന്ന യുനസ്കോ ജനറല്‍ അസംബ്ലി ഇത് അംഗീകരിക്കുകയും ആ വര്‍ഷം ഏപ്രില്‍ 18 മുതല്‍ ലോക പൈതൃക ദിനം ആചരിക്കുകയും ചെയ്യുന്നു.2016 ല്‍ കായിക പൈതൃകവും 2017 ല്‍ സുസ്ഥിര വിനോദസഞ്ചാരവുമായിരുന്നു ആഘോഷത്തിനുള്ള വിഷയങ്ങള്‍.2018 ല്‍ തലമുറകള്‍ക്കുള്ള പൈതൃകം,2019 ല്‍ ഗ്രാമീണ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയും 2021 ല്‍ സങ്കീര്‍ണ്ണമായ ഭാവി,വൈവിധ്യമാര്‍ന്ന ഭാവി,2022 ല്‍ പൈതൃകവും കാലാവസ്ഥയും എന്നിവയും വിഷയങ്ങളായി.2023-ലെ പ്രമേയം പൈതൃക മാറ്റങ്ങൾ എന്നതായിരുന്നു.2024ല്‍ വൈവിധ്യങ്ങളെ കണ്ടെത്തുക,അറിയുക എന്നതായിരുന്നു പ്രമേയം.ഈ വർഷത്തെ പ്രമേയം ദുരന്തങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഭീഷണി നേരിടുന്ന പൈതൃകം എന്നതാണ്.

ലോകത്തെ മിക്ക പൈതൃക സമ്പത്തുക്കളും പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഭീഷണിയിലാണ് എന്നതിനാല്‍തന്നെ ഈ വിഷയത്തിന് മതിയായ പ്രാധാന്യമുണ്ട്.പൈതൃക സംരക്ഷണത്തിനായി എടുക്കേണ്ട പ്രതിരോധം,തയ്യാറെടുപ്പ്,നാശമുണ്ടായാല്‍ അത് വീണ്ടെടുക്കാനുള്ള മുന്‍കരുതല്‍ എന്നിവയാണ് ഈ വര്‍ഷം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ മുന്‍നിരയിലുള്ള രാജ്യങ്ങളാണ് പ്രധാന പൈതൃക രാജ്യങ്ങൾ.അവയുടെ സമ്പന്നമായ സംസ്ക്കാരത്തെയും പ്രകൃതിദത്തമായ പൈതൃകത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇറ്റലിയിലാണ് ഏറ്റവുമധികം പൈതൃകകേന്ദ്രങ്ങളെ യുനെസ്കോ അംഗീകരിച്ചിട്ടുള്ളത്.അവിടെ 59 ഇടങ്ങള്‍ പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചൈനയിലെ 57 ഇടങ്ങളും ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും 52 ഇടങ്ങള്‍ വീതവും സ്പെയിനിലെ 50 ഇടങ്ങളും ഇന്ത്യയിലെ 42 ഇടങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയില്‍ വാസ്തവത്തില്‍ ഇതിലേറെ ഇടങ്ങള്‍ പട്ടികയില്‍ വരേണ്ടതുണ്ട്. അതിനുള്ള ശ്രമം നടക്കുകയാണുതാനും.ലോകത്തിലെ ഏറ്റവും മികച്ച പൈതൃക നഗരങ്ങള്‍ ഇറ്റലിയിലെ റോമും ചൈനയിലെ ബീജിംഗും തുര്‍ക്കിയിലെ ഇസ്താംബൂളും ജപ്പാനിലെ ക്യോട്ടോയും ഫ്രാന്‍സിലെ പാരീസും ഈജിപ്തിലെ കെയ്റോയും ഇന്ത്യയിലെ ഡല്‍ഹിയും ആഗ്രയുമാണ്.

താജ്മഹലും കുത്തബ്മിനാറും റെഡ്ഫോര്‍ട്ടും ഹുമയൂണിന്‍റെ ശവകുടീരവും ആഗ്ര കോട്ടയും ഫത്തേപൂര്‍ സിക്രിയുമൊക്കെയാണ് ഇന്ത്യയുടെ പ്രധാന ലോക പൈതൃക കേന്ദ്രങ്ങൾ.ദക്ഷിണേന്ത്യയിലെ മഹാബലിപുരവും ചോളക്ഷേത്രങ്ങളും ഹംപിയും പട്ടടക്കലും ഹോയ്സാലയും പൈതൃകകേന്ദ്രങ്ങളാണ്.പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലാണ് നമ്മുടെ പശ്ചിമഘട്ടം വരുന്നത്.

പൈതൃകകേന്ദ്രങ്ങളുടെ പ്രാധാന്യം വരുംതലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനും സംരക്ഷിക്കാനും മനുഷ്യനിര്‍മ്മിതമായ നാശങ്ങള്‍ കുറയ്ക്കാനുമുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാം എന്നതാകട്ടെ ഈ പൈതൃകദിനത്തില്‍ നമ്മുടെ പ്രതിജ്ഞ.