നുണക്കുഴിച്ചിരിയും മൈലാഞ്ചി മൊഞ്ചുമായി കുഞ്ഞുമക്കൾ നിറഞ്ഞാടി; കല്യാണ വീടായി കക്കാട് ജി എൽ പി സ്‌കൂൾ, കാണികളായി ജർമൻ ടൂറിസ്റ്റുകളും

Kozhikode

കക്കാട്: കലയുടെ രണ്ട് പകലിരവുകളുമായി മൈലാഞ്ചി മൊഞ്ച് കൊടിയിറങ്ങി. ഒപ്പന ഫെസ്റ്റിൽ പ്രീപ്രൈമറിയിൽ കൊടിയത്തൂർ, തോട്ടുമുക്കം, കഴുത്തുട്ടിപ്പുറായ സ്‌കൂളുൾക്ക് കിരീടം, എൽ.പിയിൽ കഴുത്തുട്ടിപ്പുറായ, ആനയാംകുന്ന്, കുമാരനെല്ലൂർ സ്‌കൂളുകൾ ജേതാക്കൾ

മുക്കം: കല കൊണ്ട് കണ്ണെഴുതിയ മൈലാഞ്ചി മൊഞ്ചിന് പ്രൗഢമായ പരിസമാപ്തി. കലയുടെ സുവർണ മുദ്രകൾ നിറഞ്ഞുനിന്ന രണ്ട് പകലിരവുകൾക്ക് സാക്ഷികളാകാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും നൂറുകണക്കിന് പേരാണ് കക്കാട് ജി.എൽ.പി സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്.

വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുള്ള ഒപ്പന ഫെസ്റ്റിൽ മണവാട്ടിയെയും തോഴിമാരേയും കലാസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി. മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി മണവാട്ടിയുമായി മൊഞ്ചത്തിമാർ സ്‌കൂളിനെ കല്യാണ വീടാക്കി മാറ്റുകയായിരുന്നു.

ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ കലാസ്വാദകരുടെ മനസ്സിലിടം പിടിച്ചു. ഒപ്പനപ്പാട്ടിന്റെ ഇശൽ മഴയിൽ മൊഞ്ചത്തിമാർ നിറഞ്ഞാടിയപ്പോൾ കണ്ടുനിന്നവർക്കും മനം കുളിർത്തു. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ ഒപ്പന ഫെസ്റ്റ് ജോറായി.

വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്ത് എൽ.പി വിഭാഗം കുട്ടികൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നപ്പോൾ മോഡേൺ ഡ്രസ്സിലായിരുന്നു പ്രീപ്രൈമറിയിലെ കൊച്ചു നാരിമാരുടെ അരങ്ങേറ്റം.

മൈലാഞ്ചിച്ചോപ്പണിഞ്ഞ മൊഞ്ചത്തിമാരുടെ അതൃപ്പങ്ങൾ കാണാനും കേൾക്കാനും ഒട്ടേറെ കലാസ്വാദകരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. പ്രവാചക പത്‌നിമാരുടെ മംഗല്യപ്പാട്ടുകൾ കൊട്ടിപ്പാടി വേദിയിൽ നിറഞ്ഞുകളിച്ച ടീമുകളെയെല്ലാം നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ യാത്രയാക്കിയത്. കൊച്ചുമക്കളുടെ മനോഹരമായ ഒപ്പനച്ചുവടുകളിൽ അലിഞ്ഞുചേർന്ന കാണികൾക്കിടയിലേക്ക് ജർമൻ ടൂറിസ്റ്റുകളും എത്തിയത് സദസ്സിൽ കൗതുകം പകർന്നു.

പ്രീപ്രൈമറി, എൽ.പി വിഭാഗങ്ങളിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന ഒപ്പന മത്സരങ്ങളിലെ വിജയികൾക്ക് 5001, 3001, 1001 രൂപ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പ്രൈസ് മണിയും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക് സമാപന ചടങ്ങിൽ പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകി.

മത്സരത്തിൽ പ്രീപ്രൈമറി വിഭാഗത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ ഒന്നാം സ്ഥാനവും ജി.യു.പി.എസ് തോട്ടുമുക്കം രണ്ടാംസ്ഥാനവും ജി.എൽ.പി എസ് കഴുത്തുട്ടിപ്പുറായ മൂന്നാം സ്ഥാനവും നേടി. താഴെ കുടരഞ്ഞി സ്‌കൂളിലെ കുട്ടികളുടെ മികവാർന്ന കളി ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി.

എൽ.പി വിഭാഗത്തിൽ ജി.എൽ.പി സ്‌കൂൾ കഴുത്തുട്ടിപ്പുറായ കിരീടം ചൂടിയപ്പോൾ ജി.എൽ.പി സ്‌കൂൾ ആനയാംകുന്നിന് രണ്ടും ജി.എൽ.പി എസ് കുമാരനെല്ലൂരിന് മൂന്നാംസ്ഥാനവും ലഭിച്ചു.

സമാപന ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകൻ വൽസൻ മഠത്തിൽ മുഖ്യാതിഥിയായി. മത്സര വിജയികൾക്കുള്ള പ്രൈസ് മണിയും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.

ചടങ്ങിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി ഹംദ നിസാറിനെ ഉപഹാരം നൽകി എം.എൽ.എ ആദരിച്ചു. വിവിധ പ്രോത്സാന സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ജാനീസ് ജോസഫ്, എസ്.എം.സി ചെയർമാൻ കെ.എം ജലാലുദ്ദീൻ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ ടീച്ചർ, എസ്.എം.സി വൈസ് ചെയർപേഴ്‌സൺ ഷഹനാസ് ടി, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ, പി ടി വിജില ടീച്ചർ, ടി.പി.സി മുഹമ്മദ് ഹാജി, എടക്കണ്ടി അഹമ്മദ്കുട്ടി, പി സാദിഖലി മാസ്റ്റർ, മുനീർ പാറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു. ശേഷം കലാഭവൻ ബാലുവും ശശി കല്ലടയും നയിച്ച ഗാനമേളയും അരങ്ങേറി

ഒപ്പന ഫെസ്റ്റിന്റെ തലേദിവസം സ്‌കൂളിന്റെ 67-മത് വാർഷികാഘോഷവും വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റ് സമർപ്പണവും ‘തിളക്കം 2025’ അരങ്ങേറി. ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, വാർഡ് മെമ്പർ എടത്തിൽ ആമിന, അധ്യാപകരായ ജി ഷംസു മാസ്റ്റർ, ഷാക്കിർ പാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഓരോ ക്ലാസിലും ഏറ്റവും മികവ് പുലർത്തിയ വിദ്യാർത്ഥിക്കുള്ള കെ.സി അബൂബക്കർ ഹാജിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് കെ.സി അഷ്‌റഫ് വിതരണം ചെയ്തു. പി ഗംഗാധരൻ മാസ്റ്ററു(കാരശ്ശേരി)ടെ പേരിലുള്ള മലയാളം എൻഡോവ്‌മെന്റ് സുനിതാ രാജനും തോട്ടത്തിൽ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എൻഡോവ്‌മെന്റ് ഹഫ്‌സ തോട്ടത്തിലും വിതരണം ചെയ്തു.

മുട്ടാത്ത് അബ്ദുൽഅസീസ് മൗലവിയുടെ പേരിലുള്ള അറബിക് എൻഡോവ്‌മെന്റ് വാർഡ് മെമ്പർ എടത്തിൽ ആമിനയും, എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള മാത്സ് എൻഡോവ്‌മെന്റ് സുലൈഖ എടത്തിലും സമ്മാനിച്ചു. എൽ.എസ്.എസ് ജേതാക്കൾക്കുള്ള മഞ്ചറ സാഹി-അസം മോൻ എൻഡോവ്‌മെന്റ് മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്ററും മികച്ച ലൈബ്രറി വായനയ്ക്കുള്ള പാറക്കൽ ആലിക്കുട്ടി എൻഡോവ്‌മെന്റ് പാറക്കൽ ആമിനയും കുട്ടികൾക്ക് സമർപ്പിച്ചു.

കലാംരഗത്തെ മികവിന് തോട്ടത്തിൽ ഹുസൈൻ ഹാജി എൻഡോവ്‌മെന്റ് ലൈലാബി തോട്ടത്തിലും കായികരംഗത്തെ മികവിന് പി.സി.എം മജീദ് എൻഡോവ്‌മെന്റ് നാജിയ പാറമ്മലും വിതരണം ചെയ്തു. പ്രീ പ്രൈമറി ടോപ്പേഴ്‌സിനും 3, 4 ക്ലാസിലെ പരിസര പഠനത്തിനുമുള്ള എം.ടി കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാൻ എൻഡോവ്‌മെന്റ് എം.ടി സക്കീർ ഹുസൈനും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

ഏറ്റവും മികച്ച ശുചിത്വത്തിനുള്ള ക്ലാസിനുള്ള കെ.സി.സി അബൂബക്കർ എൻഡോവ്‌മെന്റ് നാല് എ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളായി കെ.സി അബ്ദുസ്സമദ് മാസ്റ്ററും വിതരണം ചെയ്തു. പി.എസ്.സി ലഭിച്ച റഹീം മാസ്റ്റർക്കുള്ള ഉപഹാരവും സ്‌കൂൾ കുട്ടികൾക്കുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ വിവിധ സ്‌പോൺസർമാരായ സലീം മാസ്റ്റർ വലിയപറമ്പ്, ഉമർ തോട്ടത്തിൽ, മുഹമ്മദ് കക്കാട്, സനം നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

നാടൻ വിഭവങ്ങളം മധുര പാനീയങ്ങളും അടക്കം ഉൾപ്പെടുത്തി രണ്ടുദിവസവും സ്‌കൂൾ നഗരിയിൽ എം.പി.ടി.എയുടെ നേതൃത്വത്തിൽ ചായ മക്കാനിയും നടന്നു. എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാഹിന തോട്ടത്തിൽ, നസീബ എം, ഷബ്‌ന എടക്കണ്ടി, സാജിത ഗോശാലക്കൽ, ഷാമില മാളിയേക്കൽ, സുലൈഖ മുട്ടാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടികൾക്ക് അധ്യാപകരായ ഷഹനാസ് ബീഗം, ഗീതു മുക്കം, പി ഫസീല, ഫർസാന വടകര, റജുല ഫസൽ, ഷീബ എം, വിപിന്യ, ഷിൽന പർവ്വീൺ, ഹൻഫ ഹബീബ്, സ്‌കൂൾ സ്റ്റാഫ് ടി.സി മാത്യു, സലീന എം, തസ്‌ലീന സി, റൈഹാനത്ത് വി, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് പുന്നമണ്ണ്, നൗഷാദ് എടത്തിൽ, സലാം കോടിച്ചലത്ത്, ടി.ടി റിയാസ്, അലങ്കാരങ്ങൾക്ക് ടി റിയാസ് മാഷ്, ഗഫൂർ ഗോശാലക്കൽ, റഷീദ് കുറ്റിപ്പുറത്ത്, നൗഷാദ് വി, ജബ്ബാർ കെ, നിസാർ മാളിയേക്കൽ, മുസ്തഫ ഒ.എം തുടങ്ങിയവർ നേതൃത്വം നൽകി.
എൻഡോവ്‌മെന്റുകളുടെയും കലാ വൈവിധ്യങ്ങളുടെയും സുവർണ മുദ്രകൾ നിറഞ്ഞുനിന്ന ചടങ്ങുകൾ നാടിന്റെ ഉത്സവമായി മാറി. കുട്ടികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങൾക്ക് സാക്ഷിയാകാൻ നാടിന്റെ നാനാ ഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി.

തിരുവമ്പാടി എം.എൽ,എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ നിർമിക്കുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവൃത്തി ഇതിനകം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. പുതിയ ബ്ലോക്കിന്റെ നിർമാണത്തിനാവശ്യമായ അടുത്ത ഘട്ടം പ്രവൃത്തികൾക്കായുള്ള ഫണ്ടിനായുള്ള ശ്രമം ബന്ധപ്പെട്ടവർ തുടരുകയാണ്.

സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനാണ് അധികൃതരുടെ ശ്രമം. പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന സ്‌കൂളിൽ വർണക്കൂടാരം പദ്ധതിക്കായുള്ള 75 ശതമാനം തുകയും ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മെട്രോ ട്രെയിൻ മാതൃകയിൽ ഉടനെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.