കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട യുവതി വയനാട്ടിലെന്ന് സൂചന, വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

Kozhikode

കോഴിക്കോട്: ഒരുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട യുവതി വയനാട്ടിലുണ്ടെന്ന് സൂചന. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസിന്റെ ഭാര്യ അഫ്‌സ(24)യെയാണ് കാണാതായതെന്നാണ് പരാതി.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് നാഫിസ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നാഫിസ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ വീട്ടില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന 2000 രൂപയും എടുത്താണ് ഭാര്യ വീടുവിട്ട് പോയതെന്നും നാഫിസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ ജോലിക്കായി പുതുപ്പാടിയില്‍ എത്തിയത്.

അതേസമയം രാത്രി പതിനൊന്നരയോടെ യുവതി വീടിന് മുന്നില്‍ നിന്നുള്ള റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അഫ്‌സ വയനാട്ടില്‍ എത്തിയതായ സൂചനയും ലഭിച്ചിട്ടുണ്ട്. യുവതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അഫ്‌സയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8979620613, 9544161755 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.