വൈത്തിരി: വയനാട് ജില്ലയില്‍ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള രൂക്ഷമായ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി ചുരം ബദല്‍ റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു. ഐ എന്‍ ടി യു സി വൈത്തിരി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരത്തിലെ ഗതാഗത പ്രശ്‌നം മൂലം വയനാട് ഒരൊറ്റപ്പെട്ട തുരുത്തായി മാറുന്നു. മാസംതോറും നൂറുകണക്കിന് ആളുകളാണ് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നത്. വയനാടിന് പുറത്ത് ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവരും ചുരം ബ്ലോക്ക് കാരണം വലിയ ദുരിതത്തില്‍ ആണെന്നും വിവിധ പാതകള്‍ പ്രഖ്യാപിക്കുന്നത് കടലാസില്‍ ഒതുങ്ങിപ്പോവുകയാണെന്നും ഏതെങ്കിലും ഒരു പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ കെ ജ്യോതിഷ് കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. ബി സുരേഷ് ബാബു, എ എ വര്‍ഗീസ്, അരുണ്‍ ദേവ്, ആര്‍ രാമചന്ദ്രന്‍, കെ വിജേഷ്, നാസര്‍, സലീം, രതീഷ്, വിലാസിനി, ഷിനു, ഫൈസല്‍, ഉണ്ണികൃഷ്ണന്‍, അന്‍സില്‍ തുടങ്ങിവര്‍ സംസാരിച്ചു.