വയനാട്ടില്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുപ്പത്തിയെട്ട് ഗോത്ര സംരംഭങ്ങള്‍ ആരംഭിച്ചു

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച്, വരുമാനദായക പ്രവര്‍ത്തനങ്ങളിലൂടെ ഊരുകളില്‍ പുതിയ വെളിച്ചം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മൈക്രോസംരഭം, ആര്‍ കെ ഐ ഡി, എസ് വി ഇ പി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന ബണ്‍സ ക്യാമ്പയിനിന്റെ ഭാഗമായി മുപ്പത്തിയെട്ട് ഗോത്ര സംരംഭങ്ങള്‍ വെള്ളമുണ്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംരംഭങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷം വഹിച്ച ചടങ്ങിന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജന സി എന്‍ സ്വാഗതം പറഞ്ഞു.

ഗോത്ര മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ജില്ലയില്‍ കുടുംബശ്രീയുടെതായി ഉണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം മൃഗസംരക്ഷണ, സൂക്ഷ്മ സംരംഭ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ഊന്നിക്കൊണ്ട് 500 സംരംഭങ്ങള്‍ എങ്കിലും രൂപീകരിക്കുക എന്ന ദൗത്യമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്. പ്രസ്തുത ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഊരുകളിലും, അയല്‍ക്കൂട്ട യോഗങ്ങളിലും പ്രത്യേകം വിളിച്ചുചേര്‍ത്ത സി ഡി എസ് തല യോഗങ്ങളിലും കുടുംബശ്രീയുടെ എം ഇ സി സംവിധാനവും ആനിമേറ്റര്‍മാരെയും ഉപയോഗപ്പെടുത്തി ക്ലാസ്സുകള്‍ നയിച്ചാണ് സംരംഭ രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചത്.

കാടിന്റെ ഉള്ളിലും ഊരുകളിലും ആരംഭിക്കുന്ന ചെറു സംരംഭങ്ങള്‍ പുതിയ വെളിച്ചം വീശുമെന്ന് സിഡിഎസ് കരുതുന്നു. തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ബാര്‍ബര്‍ ഷോപ്പ്, പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധതരത്തിലുള്ള സംരംഭങ്ങള്‍ ആണ് വെള്ളമുണ്ടയില്‍ ആരംഭിച്ചത്.

അന്‍പത് ഗോത്ര സംരംഭങ്ങള്‍ സിഡിഎസ്ല്‍ ഈ വര്‍ഷം മാത്രം രൂപീകരിക്കാന്‍ ആണ് ലക്ഷ്യം വെക്കുന്നത്. ഉത്പാദന മേഖലയില്‍ നിന്നും സേവന മേഖലയില്‍ നിന്നും വിപണന മേഖലയില്‍ നിന്നും മൃഗ സംരക്ഷണ മേഖലയില്‍ നിന്നും ക്യാമ്പയിനിന്റെ ഭാഗമായി സംരംഭം രൂപീകരിക്കുന്നു എന്നത് സി ഡിസ്എസ്‌നെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ നേട്ടമാണ്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി മുഖ്യാതിഥി ആയ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രമണ്യന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കല്ല്യാണി പി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സല്‍മത്ത് ഇ കെ, വാര്‍ഡ് മെമ്പര്‍മാര്‍ ആയ അമ്മദ്, അബ്ദുള്ള കണിയാംകണ്ടി, അസീസ് എം, തോമസ് പി, നിസാര്‍ പി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി വാസുപ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *