‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ തുടക്കമായി

Gulf News GCC Saudi Arabia

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ തലത്തിൽ  ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ജിദ്ദ ഏരിയ  ഉദ്ഘാടനം  അബ്ദുറഹിം പി അരീക്കോട് നിർവ്വഹിച്ചു. സുരക്ഷിത സമൂഹത്തിന് ധാർമികത അനിവാര്യമാണെന്നും ധാർമിക  മൂല്യങ്ങളെ അവഗണിക്കുന്നത്  മനുഷ്യന്റെ സമാധാന ജീവിതത്തിന് വിഘാതം  സൃഷ്ടിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡണ്ട്‌ ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ചു.

ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് അതിർവരമ്പുകളെ മാനിച്ചുകൊണ്ട് മുന്നോട്ടുപോയാൽ മനുഷ്യന് സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കുമെന്നും ധാർമിക മൂല്യങ്ങൾക്കെതിരെ സംസാരിക്കുന്നവർ അഹങ്കാരത്തിന്  അടിമപ്പെടുകയും മൂല്യങ്ങളെ അനിഷ്ടകരമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും യുവ പ്രഭാഷകനും ഐ. എസ്‌. എം മുൻ സംസ്ഥാന സാരഥിയുമായ അഫ്താഷ് ചാലിയം പറഞ്ഞു. ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയം വിശദീകരിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യങ്ങളെ മുറുകെ പിടിക്കാൻ അതിർവരമ്പുകൾ അനിവാര്യമാണ്, ധാർമികത കൈവെടിയുമ്പോൾ ജീവിതം അർഥശൂന്യമായിത്തീരും, മതമൂല്യങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ടു പോയാൽ മനുഷ്യ ജീവിതത്തിന് സ്വസ്ഥതയും സമാധാനവും കൈവരിക്കാൻ സാധിക്കും. വിശ്വാസവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് ഏറ്റവും ഗൗരവത്തിൽ കാണേണ്ടതുണ്ടെന്നും കുടുംബം എന്നത് അനിവാര്യമാണെന്നും കുടുംബത്തെ നിരാകരിച്ച് സ്വതന്ത്ര ചിന്തയിൽ മുന്നോട്ടുപോയാൽ സമൂഹത്തിൽ ലൈംഗീക അരാജകത്വം അധികരിക്കുമെന്നും അഫ്താഷ് ചാലിയം പറഞ്ഞു.

ഇന്നത്തെ തലമുറയിൽ പലരും  ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നും ധാർമികത കൈമോശം വരുമ്പോഴാണ് ഇത്തരം ലഹരി ഉപയോഗം അധികരിക്കുന്നതെന്നും  ഇത്തരം സാമൂഹ്യ വിപത്തുകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ആരോഗ്യവും യുവത്വവും സമ്പത്തും അതിന്റെ പ്രസരിപ്പ് നിലനിൽക്കുമ്പോൾ ഉപയോഗപ്പെടുത്തുവാൻ  സാധിക്കേണ്ടതുണ്ടെന്നും സമൂഹ നന്മക്ക് മാതൃകകളായി തീരാൻ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി ജന: സെക്രട്ടറി ജരീർ വേങ്ങര സ്വാഗതവും ക്യാമ്പയിൻ സ്വാഗത സംഘം ജിദ്ദ ഏരിയ കമ്മിറ്റി കൺവീനർ പ്രിൻസാദ് പാറായി നന്ദിയും പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ സദസ്‌, പ്രവർത്തക സംഗമം, യൂത്ത് മീറ്റ്, വനിതാ സംഗമം, ടീൻസ് മീറ്റ്, മത സൗഹാർദ്ദ സംഗമം, മീഡിയ സെമിനാർ, പാരന്റ്സ് മീറ്റ് തുടങ്ങിയ  വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.