മുസ്‌ലിം സംഘടനകളെ പിളര്‍പ്പിലേക്ക്നയിക്കുന്നവര്‍ പിന്തിരിയണംകെ.എന്‍.എം മര്‍കസുദഅവ

Malappuram

മലപ്പുറം: മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിന് വഴി വെക്കുന്നവര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുപക്ഷത്ത് നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ വര്‍ഗീയ ശക്തികള്‍ പതിനെട്ടടവും പയറ്റുന്ന അതീവ സങ്കീര്‍ണമായ സാഹചര്യത്തില്‍ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട പണ്ഡിതന്‍മാര്‍ ശിഥിലീകരണ ശക്തികള്‍ക്ക് അടിപ്പെടുന്നത് ആപല്‍ക്കരമാണ്.

രാഷ്ട്രീയ താലപര്യങ്ങളുടെ പേരില്‍ മുസ്‌ലിം സംഘടനകളില്‍ ഭിന്നതയും പിളര്‍പ്പുമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമുദായം വലിയ വില നല്‌കേണ്ടിവരും. പുറത്തു നിന്നുള്ള ചൂണ്ടയില്‍ കൊത്തി സമുദായത്തിന്റെ രാഷ്ട്രിയവും സംഘടനാതലവുമായ ശക്തിയും ഐക്യവും ക്ഷയിപ്പിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് കാലം മാപ്പ് നല്കില്ല.

മുസ്‌ലിം ഉമ്മത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് ഐക്യവും കെട്ടുറപ്പും അനിവാര്യമായ ഘട്ടത്തില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി പിളരാനും തമ്മിലടിക്കാനും നേതൃത്വം നല്കുന്നവര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ സമുദായത്തിന് ദിശാബോധം നല്‍കാനുള്ള കര്‍മശേഷിയും സാമ്പത്തിക ശേഷിയും കോടതികള്‍ കയറിയിറങ്ങി തുലക്കാന്‍ വിട്ടുകൊടുക്കാവതല്ല. ഭിന്നിപ്പിന്റെയും ശത്രുതയുടെയും ശക്തികളെ ഐക്യത്തിന്റെയും കൂട്ടായ്മ യുടെയും പാതയിലേക്ക് നയിക്കാന്‍ മുസ്‌ലിം സമുദായ നേതൃത്വങ്ങള്‍ ഒന്നിക്കണ മെന്നും കെ.എന്‍.എം മര്‍കസുദഅവ ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, എം അഹ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍, ഫൈസല്‍ നന്മണ്ട, കെ എം ഹമീദലി ചാലിയം, പ്രൊ.കെ പി സകരിയ്യ, കെ എം കുഞ്ഞമ്മദ് മദനി, മൂസ മാസ്റ്റര്‍ ആമയൂര്‍, എഞ്ചി.സെയ്തലവി, എം ടി മനാഫ് മാസ്റ്റര്‍, കെ സുബൈര്‍, കെ പി അബ്ദുറഹ്മാന്‍ ബുഖ, ഡോ. ജാബിര്‍ അമാനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, പി പി ഖാലിദ്, റുക്‌സാന വാഴക്കാട്, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, സി മമ്മു കോട്ടക്കല്‍, ഷംസുദ്ദീന്‍ പാലക്കോട്, പി അബ്ദുസ്സലാം പ്രസംഗിച്ചു.