വിശുദ്ധ ഖുർആൻ നൻമയുടെ വെളിച്ചം പരത്തിയ ഗ്രന്ഥം: ഐ.എസ്.എം വെളിച്ചം സംഗമം

Kozhikode

കോഴിക്കോട്: അന്ധവിശ്വാസങ്ങളും സാമൂഹ്യ തിൻമകളും സമൂഹത്തെ വേട്ടയാടുമ്പോൾ നന്മയുടെയും ആത്യന്തിക രക്ഷയുടെയും തെളിമയാർന്ന വഴിയിലേക്കാണ് വിശുദ്ധ ഖുർആൻ വെളിച്ചം വീശുന്നതെന്ന് കോഴിക്കോട്ട് നടന്ന ഐ.എസ്.എം വെളിച്ചം ഖുർആൻ പഠന സംഗമം അഭിപ്രായപ്പെട്ടു. മദ്യത്തിനും മറ്റ് ലഹരി പദാർത്ഥങ്ങൾക്കും വിഹരിക്കാനുള്ള അവസരമൊരുക്കപ്പെടുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തും.

വെറുപ്പുംവിദ്വേഷവും വ്യാപിപ്പിക്കപ്പെടുന്ന കാലത്ത് ദൈവിക ഗ്രന്ഥത്തിൻ്റെ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശങ്ങൾ നിത്യപ്രസക്തമാണ്. മതത്തെ അടുത്തറിയേണ്ടത് അതിൻ്റെ അടിസ്ഥാനപ്രമാണങ്ങളിലൂടെയാവണമെന്നും സംഗമം വ്യക്തമാക്കി.

കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. 16 -ാം ഘട്ട വെളിച്ചം ലോഞ്ചിംഗ് കെ.എൻ എം ട്രഷറർ നൂർ മുഹമ്മദ് നൂരിഷയും ബാല വെളിച്ചം ലോഞ്ചിംഗ് കെ.എൻ.എം സെക്രട്ടറി എ. അസ്ഗറലിയും റിവാർഡ് ഓഡിയോ വെളിച്ചം ലോഞ്ചിംഗ് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാമും നിർവ്വഹിച്ചു. വിവിധ സെഷനുകൾക്ക് ഐ.എസ്.എം സംസ്ഥാന ജന സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസീസ്, ഭാരവാഹികളായ ഡോ: ജംഷീർ ഫാറൂഖി, ബരീർ അസ് ലം ,റഹ്മത്തുല്ല സ്വലാഹി, ജലീൽ മാമാങ്കര നേതൃത്വം നൽകി. ചുഴലി സ്വലാഹുദ്ദീൻ മൗലവി, ഉനൈസ് പാപ്പിനിശ്ശേരി, ഷാഹിദ് മുസ് ലിം ഫാറൂഖി എന്നിവർ വിഷയാവതരണം നടത്തി. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി സെക്രട്ടറി പി. ഹാഫിദുർറഹ്മാൻ മദനി, സൗദ ടീച്ചർ, ആയിശ കോഴിക്കോട്, അസ്ജദ് കടലുണ്ടി, ശമൽ മദനി,മുജീബ് പൊറ്റമ്മൽ സംസാരിച്ചു. ജിൻഷി പി മലപ്പുറം, രമ്യ എടവണ്ണ, സുമിഷ ഇ , പി സുജിത്ര എന്നിവർ വെളിച്ചം പഠനാനുഭവങ്ങൾ പങ്കുവെച്ചു.

വിദേശത്തും സ്വദേശത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷ എഴുതിയത്. ഖുർആൻ പഠനം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ പരിഭാഷയെ അവലംബമാക്കിയാണ് ഖുർആൻ പഠന പദ്ധതി നടന്നു വരുന്നത്. കേരളത്തിന് പുറമെ ബാംഗ്ലൂർ, ലക്ഷദ്വീപ്, വിദേശ രാജ്യങ്ങളായ ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും പരീക്ഷയിൽ പങ്കാളികളായിരുന്നു.