കെ എം മൗലവി ആത്മീയ- ഭൗതിക അറിവുകളെ സമന്വയിപ്പിച്ച പ്രതിഭ: ഇ ടി മുഹമ്മദ് ബഷീര്‍

Kozhikode

കോഴിക്കോട്: ആത്മീയവും ഭൗതികവുമായ അറിവുകളെ സമന്വയിപ്പിച്ച പ്രതിഭയും സ്ത്രീ ശാക്തീകരണം ജീവിതത്തിലൂടെ കാണിച്ചു തന്ന നവോത്ഥാന നായകനുമായിരുന്നു കെ.എം മൗലവിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച, ‘കെ.എം മൗലവി ഒരു പാഠപുസ്തകം’ പുസ്തക പ്രകാശനം കെ പി കേശവമേനോന്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയ-ഭൗതിക വിദ്യഭ്യാസത്തെ സമന്വയിപ്പിച്ച് മലബാറിന്റെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റത്തിന് അദ്ദേഹം നല്‍കിയ സംഭാവന വിസ്മരിക്കാനാവില്ലെന്നും പല തലങ്ങളിലും സവിശേഷമായ വ്യകിതമുദ്ര പതിപ്പിച്ച മൗലവി നിരന്തരം വായിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പി എം എ സലാം പുസ്തകം ഏറ്റുവാങ്ങി. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ എന്‍ എ ഖാദര്‍ പുസ്തകം പരിചയപ്പെടുത്തി. രാജ്യത്ത് ജനാധിപത്യവും ന്യൂനപക്ഷങ്ങളും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി കടിപിടി കൂടുന്നതും മത്സരിക്കുന്നതും പരിഹാസ്യവും സങ്കടകരവുമാണെന്നും പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കാതെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മ- ഭൗതികങ്ങളുടെ ആരോഗ്യകരമായ സമന്വയം നടത്തിയ മഹത് വ്യക്തിത്വമാണ് കെ എം മൗലവി. വ്യക്തികളെന്ന നിലയ്ക്കു നമുക്കു മാത്രമായി സമൂഹത്തില്‍ നിലനില്പില്ലെന്നും ചരിത്രം വീണ്ടും വീണ്ടും പറയേണ്ടതും ഓര്‍മിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനി, സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, കെ സജ്ജാദ്, കെ പി എ മജീദ് എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, അഡ്വ. എം റഹ്മത്തുല്ല, അഡ്വ. പി എം ഹനീഫ, കെ പി മുഹമ്മദ് അഷ്‌റഫ്, നൗഷാദ് കാക്കവയല്‍ എന്നിവര്‍ സംസാരിച്ചു. ശരീഫ് സാഗര്‍ സ്വാഗതവും വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കെ എം മൗലവി നിരന്തരം വായിക്കപ്പെടേണ്ട വ്യക്തിത്വമായതുകൊണ്ടാണ് ഈ പുസ്തകം ജനിച്ചതെന്ന് ഗ്രന്ഥകാരന്‍ അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.