അഭയാർഥി ക്യാമ്പിലെ അതിക്രമം: ഇസ്റയേൽ കിരാത നടപടിക്കെതിരെ ലോകം ഉണരണം- ഐ.എസ്.എം

Kozhikode

കോഴിക്കോട്: റഫയിലെ അഭയാർത്ഥി ക്യാമ്പുകളിൽ അക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കിയ കിരാത നടപടിക്കെതിരെ ലോക മനസാക്ഷി ഉണരണമെന്ന് ISM സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആഹ്വാനം ചെയ്തു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേലിന്റെ നരനായാട്ട് നടക്കുമ്പോൾ ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികളെ സുരക്ഷിത താവളമെന്ന്പറഞ്ഞു അവർ തന്നെ കുടിയിരുത്തിയ ക്യാമ്പിലേക്ക് ആണ് നെതന്യഹുവിന്റെ പട്ടാളം ബോംബുകൾ വർഷിച്ചത്. വെള്ളവും വെളിച്ചവും ഇല്ലാത്ത അസൗകര്യങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകും എന്ന് വിശ്വസിച്ച പാവങ്ങളായിരുന്നു അവർ. കത്തിക്കരിഞ്ഞ അഭയാർത്ഥികളുടെ മൃതശരീരങ്ങൾക്കിടയിൽ ബന്ധുക്കളെ തേടുന്ന കാഴ്ചകൾ ആരുടെയും കരളലിയിക്കുന്നതാണ്.

ഇസ്രായേലിന്റെ ഭീകരതയെക്കാളേറെ ഇതിനു നേരെ പാലിക്കുന്ന ലോകത്തിന്റെ മൗനമാണ് നമ്മെ പേടിപ്പെടുത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഇസ്രായേൽ പട്ടാളം നടത്തി വരുന്ന കൊടും ക്രൂരതകൾ മാനവരാശിക്ക് തന്നെ അപമാനമാണ്. ലോകത്തിൻ്റെ സ്വൈര്യവിഹാരം ഭൽസിക്കുന്ന, നിരാലംബരായ ഒരുകൂട്ടം മനുഷ്യരുടെ സമാധാനം തകർക്കുന്ന ജൂത രാഷ്ട്രത്തെ നിലക്ക് നിർത്താൻ ലോക രാഷ്ട്രങ്ങൾ രംഗത്തിറങ്ങണം.

ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരപരാധികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത കാടത്തം അവസാനിപ്പിക്കണം. റഫയിലെ അക്രമണത്തിനെതിരെ ഇന്ത്യയുടെ പ്രതിഷേധം ഇസ്റയേലിനെ അറിയിക്കണം. ലോക രാജ്യങ്ങളിൽ നിന്നും ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും ഇസ്രയേലിനെതിരെ ഉയരുന്ന ശബ്ദങ്ങൾ ആശാവഹമാണെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.