തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല, പേ വിഷബാധയേറ്റ് ഒമ്പതുകാരന് ദാരുണാന്ത്യം

Alappuzha

ആലപ്പുഴ: തെരുവുനായയില്‍ നിന്ന് പേ വിഷബാധയേറ്റ് ഹരിപ്പാട് ഒന്‍പതുകാരന്‍ മരിച്ചു. തെരുവുനായ ആക്രമിച്ച കാര്യം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ചികിത്സയും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം പേ വിഷബാധയില്‍ കുട്ടി മരിക്കുകയായിരുന്നു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ (9) ആണ് മരിച്ചത്. മുല്ലക്കര എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദവനാരായണന്‍.

തെരുവുനായയെ കണ്ടു കുട്ടി പേടിച്ച് ഓടുമ്പോള്‍ ഓടയില്‍ വീണിരുന്നു. ഇതിനിടയില്‍ നായയുടെ നഖം കൊണ്ടു കുട്ടിയുടെ ശരീരത്തില്‍ പോറലേറ്റിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീഴ്ചയിലുണ്ടായ മുറിവുകള്‍ക്കു താലൂക്ക് ആശുപത്രിയില്‍ പോയി ചികിത്സയും നല്‍കിയിരുന്നു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.