പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തി കെ ഡിസ്‌കിന്‍റെ ഊര്‍ജ സംരക്ഷണ മാതൃക

Business Thiruvananthapuram

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണത്തില്‍ പുത്തന്‍ മാതൃക തീര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റര്‍ജിക് കൗണ്‍സില്‍ (കെഡിസ്‌ക്). പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ പരാമവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള ഊര്‍ജ സംരക്ഷണ മാതൃകയാണ് കെ ഡിസ്‌ക് പിന്തുടരുന്നത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ പൊതു കെട്ടിടമാണ് തിരുവനന്തപുരം വിമെന്‍സ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെഡിസ്‌ക് ആസ്ഥാന മന്ദിരം. പതിനയ്യായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ആറു നില കെട്ടിടത്തെ ഊര്‍ജ്ജ സംരക്ഷണത്തന്റെ അനുകരണീയ മാതൃകയായാണ് തയ്യാറാക്കിയിരിക്കുന്നത്.

48 വോള്‍ട്ട് ഡിസിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ പൊതു കെട്ടിടമെന്ന പ്രത്യേകതയും കെഡിസ്‌കിനുണ്ട്. കെട്ടിടത്തില്‍ ശീതീകരണ ആവശ്യങ്ങള്‍ കുറയ്ക്കുവാന്‍ വേണ്ടി ഡബിള്‍ ഗ്ലെയ്‌സ്ഡ് ജനാലകളും വാട്ടര്‍ കര്‍ട്ടന്‍ സംവിധാനവുമാണ് തയ്യാറാക്കിയത്. സമീപ കെട്ടിടങ്ങള്‍ സൃഷ്ടിക്കുന്ന അര്‍ബന്‍ ഹോട്ട് ഐലന്‍ഡുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വെര്‍ട്ടിക്കല്‍ ആക്‌സിസ് ടര്‍ബൈനാണ് വാട്ടര്‍ കര്‍ട്ടന് ഊര്‍ജ്ജം പകരുന്നത്. റൂഫ്‌ടോപ്പ് സോളാറും ബാറ്ററി സംഭരണവും ഊര്‍ജ്ജസംരക്ഷണ മാതൃകയില്‍ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമുള്ള ഊര്‍ജ്ജ സംഭരണ സംവിധാനം പ്രദാനം ചെയ്യുന്നു. സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് കെ ഡിസ്‌കിന്റെ ആസ്ഥാന മന്ദിരമായ ഇന്നവേഷന്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഡിസ്‌ക്. കെഡിസ്‌ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്നവേഷന്‍ സാധ്യതകകള്‍ പരിഗണിച്ച് സിഡാക്കുമായി സഹകരിച്ച് ഊര്‍ജ സംരക്ഷണ മാതൃക എന്ന രീതിയില്‍ കെട്ടിടം രൂപകല്‍പ്പന ചെയ്തത്. സൗരോര്‍ജത്തെ നഷ്ടം കൂടാതെ എസിയിലേക്ക് മാറ്റിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രാലിറ്റി പോളിസി, തിരുവനന്തപുരം നഗരത്തെ റൂഫ് ടോപ് സോളാര്‍ എനര്‍ജി സിറ്റിയാക്കി മാറ്റുക എന്നിവയുടെ കൂടി ഭാഗമായാണ് കെഡിസ്‌ക് ഈ മാതൃക അവതരിപ്പിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങളെ പൊളിച്ചു മാറ്റാതെ തന്നെ ഊര്‍ജം സംരക്ഷിക്കുക എന്നതിനുള്ള മാതൃകയാണ് കെ ഡിസക് മുന്നോട്ടുവെക്കുന്നത് എന്ന് കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു

ലാറി ബേക്കര്‍, അന്നാ മോടയില്‍ മാണി, പി. സി. മഹലനോബിസ്, തോമസ് ആല്‍വാ എഡിസണ്‍, മേരി ക്യൂറി, റോസലിന്‍ഡ് ഫ്രാങ്കിളിന്‍, ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു, ജെ സി ബോസ്, ജാനകി അമ്മാള്‍ എന്നിവരുടെ പേരുകളാണ് ഇന്നവേഷന്‍ ടവറിലെ ഓരോ നിലകള്‍ക്കും, ഹാളുകള്‍ക്കും നല്‍കിയിരിക്കുന്നത്. കെട്ടിടത്തെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഓഫിസ്, വാണിജ്യ ആവശ്യങ്ങള്‍ക്കായി പുന:ക്രമീകരിക്കാന്‍ പറ്റുന്ന വിധമാണ് രൂപകല്‍പ്പന. മാനേജ്‌മെന്റ് സര്‍വ്വീസസ്, ഇന്നൊവേഷന്‍ ടെക്‌നോളജീസ്, പ്ലാനിംഗ് കോംപീറ്റന്‍സി ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റംസ്, സ്‌കില്‍സ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രിണര്‍ഷിപ്പ്, സോഷ്യല്‍ എന്റര്‍െ്രെപസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ എന്നിങ്ങനെയുള്ള കെഡിസ്‌ക്കിന്റെ വിവിധ വകുപ്പുകളുടെയും അവയിലെ ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സജ്ജീകരിക്കാനുതകുന്ന വിധത്തിലാണ് ഈ കെട്ടിടത്തെ രൂപപ്പെടുത്തിയിരിക്കുന്നു. ഓഫീസില്‍ പരാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകളുടെ ഉപയോഗം, വാട്ടര്‍ കര്‍ട്ടന്‍, ഡബിള്‍ ലെയര്‍ ഗ്ലാസ് ജനാലകള്‍ എന്നിവയിലൂടെ വൈദ്യുതി ഉപയോഗത്തില്‍ വലിയ മാറ്റം തന്നെയാണ് ഉണ്ടാകുന്നത്.

ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കേരള സ്‌റ്റേറ്റ് എനര്‍ജി കണ്‍സര്‍വഷന്‍ അവാര്‍ഡും കെഡിസ്‌ക് ആസ്ഥാന മന്ദിരത്തിന് ലഭിച്ചിട്ടുണ്ട്. ഊര്‍ജ്ജത്തിന്റെ വിനിയോഗം, സംരക്ഷണം, ഗവേഷണം, കാര്യക്ഷമത കൂട്ടല്‍ എന്നിവയ്ക്കായി ചിട്ടയായും ഗൗരവമായും നടത്തിയ ശ്രമങ്ങള്‍ക്കാണ് കെഡിസ്‌കിന് ഈ അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *