തിരുവനന്തപുരം: വായനാ മാസാചരണം പ്രമാണിച്ച്, “ഈതർ ഓർ” (Ether Ore) എന്ന ചെറുകഥാ സമാഹാരത്തിന് “മുവൽ അന്താരാഷ്ട അവാർഡ്” നേടിയ യുവ കലാസാഹിത്യ പ്രതിഭ മിഥുൻ മുരളിയെ പ്രേംനസീർ സുഹൃത് സമിതി സ്നേഹാദരവ് നൽകി അനുമോദിച്ചു. സൂര്യ കൃഷ്ണമൂർത്തി പ്രേംനസീർ സുഹൃത് സമിതിയുടെ ഉപഹാരവും നടൻ എം.ആർ. ഗോപകുമാർ പ്രശസ്തിപത്രവും സമ്മാനിച്ചു.
രാഷ്ട്രപതിഭവനിലെ പുസ്തക പ്രദർശനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം സംവദിക്കുവാനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുക്ക പ്പെടുകയും ചെയ്ത സാഹിത്യ പ്രതിഭയാണ് മിഥുൻ മുരളി.
മിഥുൻ മുരളി രചിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കുഞ്ഞാലി മരക്കാർ മാരെ കുറിച്ചുള്ള ഹിസ്റ്റോറിക്കൽ ഫാൻസി നോവലായ ‘നൈറ്റ് ഓഫ് ദ സി’ (Knight of the Sea) 2023-ൽ ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തക മേളയിൽ വച്ച് നൊബേൽ ജേതാവ് ആനി ഏർണോ ആയിരുന്നു പ്രകാശനം ചെയ്തത്.
കൂടാതെ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, അബുദാബി എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര പുസ്ത കോത്സവങ്ങളിൽ പുസ്തകം പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ മിഥുന്റെ പ്രസിദ്ധീകൃതമായ ആദ്യ കൃതി “ലെറ്റർ റ്റു ദി വൂമ്പ്” (Letter to the Womb) എന്ന ചെറുകഥാ സമാഹാരമാണ്.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡൻ്റ് തെക്കൻസ്റ്റാർ ബാദുഷ, ഗായകൻ പന്തളം ബാലൻ, സംഗീത സംവിധായകൻ വാഴമുട്ടം ചന്ദ്രബാബു, തിരുവിതാംകൂർ ദേവസ്വം മുൻ പി.ആർ.ഓ മുരളി കോട്ടയ്ക്കകം തുടങ്ങിയ നിരവധി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു.