വർഗീയത വിതറി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചവർക്കുള്ള മറുപടിയാണ് ഈ ജനവിധി

Kozhikode

കോഴിക്കോട്: ഇന്ത്യയുടെ മഹത്തായ പൈതൃകത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കി വർഗീയതയും ഫാഷിസവും നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചവർക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അഭിപ്രായപ്പെട്ടു.

ചിതറി നിന്നിരുന്ന ജനാധിപത്യ കക്ഷികളെ വിട്ടുവീഴ്ചകളിലൂടെ ഏകീകരിച്ച് ഒരു മുന്നണിയാക്കി ഇന്ത്യ എന്ന പേര് സ്വീകരിച്ച് മുന്നോട്ടു പോകാൻ നേതൃത്വം നൽകിയ കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വ മികവിന്റെ വിജയം കൂടിയാണ് ഇത്. വികസനങ്ങൾ ഒന്നും പറയാനില്ലാതെ വർഗീയത മാത്രം പറയുന്ന ഭരണകൂടങ്ങൾക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ ജനവിധി.

കേരളം ഇന്ത്യ മുന്നണിയോടൊപ്പം ഉറച്ചുനിന്നെങ്കിലും തൃശ്ശൂരിലെ കരട് മതേതര വിശ്വാസികൾ കാണാതെ പോകരുത്. ഇനിയൊരിക്കലും അത് ആവർത്തിക്കപ്പെടാതിരിക്കാൻ ഉള്ള ജാഗ്രത ജനാധിപത്യ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളിൽ ഉണ്ടാകേണ്ടതുണ്ട്. മലബാറിലെ ഇന്ത്യ മുന്നണിയുടെ വിജയത്തിൽ മുസ്ലിംലീഗിന്റെ സ്വാധീനവും കാണാതെ പോകരുത്. സമുദായ രാഷ്ട്രീയ കക്ഷിയിൽ വിള്ളലുകൾ ഉണ്ടാക്കി കുളം കലക്കാൻ ശ്രമിച്ച സകല മുഫ്തിമാർക്കുമുള്ള താക്കീത് കൂടിയാണ് ഈ വിജയമെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.