ആലപ്പുഴ: സ്കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന ദമ്പതികള്‍ പിടിയിലായി. കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയുടെ ആഭരണങ്ങളാണ് ഈ സംഘം തട്ടിയെടുത്തത്.
ഹരിപ്പാട് തുണിക്കടയില്‍ നിന്നും പെണ്‍കുട്ടി സാധനങ്ങള്‍ വാങ്ങി നങ്ങിയാര്‍കുളങ്ങര കവല ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറ്റാര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പ്രതികള്‍ യുവതിയെ വാഹനത്തില്‍ പിന്തുടര്ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനം ഇടിച്ചിട്ടു. തുടര്‍ന്ന് രക്ഷിക്കാന്‍ എന്ന വ്യാജേനെ പ്രതികള്‍ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതി പിന്മാറാന് ശ്രമിക്കവേ തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുക്കുകയും പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചപ്പോള്‍ തള്ളിയിട്ടശേഷം കൈ ചെയിന്‍, മോതിരം എന്നിവ കവരുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ചെളിയില്‍ വലിച്ചെറിഞ്ഞു. അവശയായ പെണ്‍കുട്ടി വീട്ടിലെത്തി പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ സംഭവം നടന്ന പ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.