കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികം സംഘടിപ്പിക്കുന്നു

Kozhikode

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. 1924 ലാണ് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. മുസ്‌ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായി കേരളത്തിലെ അക്കാലത്തെ അറിയപ്പെടുന്ന പണ്ഡിതന്മാരാണ് കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.

കേരള മുസ്‌ലിംകള്‍ക്ക് മത സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ദിശാബോധം നല്‍കുന്നതില്‍ കെ ജെ യു നേതൃത്വത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വിശ്വാസ കര്‍മ മേഖലകളില്‍ മുസ്‌ലിം സമുദായം അനുവര്‍ത്തിച്ചു വന്ന പ്രമാണ വിരുദ്ധമായ നിലപാടുകള്‍ തിരുത്തിയതോടൊപ്പം ഭൗതിക മേഖലകളിലും വെളിച്ചം പകരാന്‍ കെ ജെ യു വിന് സാധിക്കുകയുണ്ടായി. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്‌ലിംകള്‍ക്കുണ്ടായ അഭിമാനകരമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കേരള ജംഇയ്യത്തുല്‍ ഉലമ ആയിരുന്നു.

നൂറ് കൊല്ലത്തെ കെ ജെ യുവിന്റെ ചരിത്രം വിശദീകരിക്കുകയും മത രംഗത്ത് പുതിയതായി പ്രത്യക്ഷപ്പെടുന്ന വ്യതിയാനങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്ന വിവിധ പരിപാടികളാണ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആത്മീയചൂഷണത്തിന്റെ പുതിയ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഇസ്‌ലാംമതത്തിന്റെ പേരില്‍ ആള്‍ദൈവങ്ങളെ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ തൗഹീദാണ് പ്രധാനം സുന്നത്താണ് നിധാനം എന്ന പ്രമേയവുമായാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ നടക്കുന്നത്.

ക്യാമ്പയിന്‍ ഉദ്ഘാടനം നവംബര്‍ 12 ഞായറാഴ്ച ആലുവയില്‍ ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് സെക്രട്ടറി മൗലാന അസ്ഗര്‍ അലി മഹ്ദി അസ്സലഫി നിര്‍വഹിക്കും. മത രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. തൗഹീദ്, സുന്നത്ത്, കര്‍മശാസ്ത്രം, ചരിത്രം, സാമ്പത്തികം തുടങ്ങി വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങളും സെമിനാറുകളും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. മത ബോധത്തില്‍ അടിയുറച്ച് നിന്ന് കൊണ്ട് മാനവികതക്കും മൂല്യങ്ങള്‍ വെച്ച് പുലര്‍ത്തിയുള്ള ജീവിതത്തിനും സമൂഹത്തെ പ്രേരിപ്പിക്കാന്‍ നൂറാം വാര്‍ഷികം സഹായകമാവുമെന്ന് സ്വാഗതസംഘം മുഖ്യരക്ഷാധികാരി പി കെ അഹ്മദ് സാഹിബ്, ചെയര്‍മാന്‍ ടി പി അബ്ദുല്ലക്കോയ മദനി, ജനറല്‍ കണ്‍വീനര്‍ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.