ഗാന്ധി സ്മരണയിൽ തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദികൾ

Kozhikode

വില്ല്യാപ്പള്ളി: 11, 12, 13, 14 തീയതികളിൽ വില്ല്യാപ്പള്ളി എം ജെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിനായി ഒരുക്കിയ 7 വേദികൾക്കും ഗാന്ധിജിയുടെ സ്മരണ നിലനിർത്തുന്ന രീതിയിലാണെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. പി. ബിജു പ്രസാദ് പറഞ്ഞു. ഗാന്ധിജിയുടെ ജീവിത രേഖയുമായി ബന്ധപ്പെട്ട പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്.

പോർബന്തർ, സബർമതി, വാർധ , ബിർള ഹൗസ്, ദണ്ഡി , ചമ്പാരൻ , രാജ്ഘട്ട് എന്നീ പേരുകൾ വേദികൾക്ക് നൽകിയിട്ടുള്ളത് ശ്രദ്ധേയമായി. ഗാന്ധിജിയെ ഓർക്കുന്ന ഓരോ നിമിഷവും അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പാത തുറക്കുകയാണെന്ന് വേദികളുടെ നാമകരണം പ്രഖ്യാപിച്ചുകൊണ്ട് പ്രശസ്ത ചരിത്രകാരൻ പി ഹരീന്ദ്ര നാഥ് അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ ജീവിതചരിത്രവും സമരമാർഗ്ഗവും പുതിയ തലമുറയുടെ മനസ്സിൽ എപ്പോഴും അണയാത്ത പ്രകാശമായ് തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.പി. ബിജുപ്രസാദ് അധ്യക്ഷത വഹിച്ചു. എ. ഇ.ഒ വിനോദ്. എം , പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുളമുള്ളതിൽ , ആർ. ഷംസുദ്ദീൻ , മുഹമ്മദലി വാഴയിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ് , ടി.സുരേഷ് ബാബു , ടി.അജിത് കുമാർ, വിപിൻ , അഷറഫ്.കെ, ടി.കെ. ശ്രീജേഷ് , പി. പ്രേംദാസ് എന്നിവർ പ്രസംഗിച്ചു