റിയാദ്: ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങള്‍ സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അല്‍ റബിഅ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹജ്ജ് തിരികെ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തിനും മുമ്പുണ്ടായിരുന്ന തീര്‍ഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷവും തീര്‍ത്ഥാടകര്‍ക്ക് നിശ്ചയിച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഒഴിവാക്കി. ഏത് പ്രായക്കാര്‍ക്കും ഇനി ഹജ്ജ് നിര്‍വഹിക്കാം. ‘ഹജ്ജ് എക്‌സ്‌പോ’ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജജ് തീര്‍ഥാടകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തുക 109 റിയാലില്‍ നിന്ന് 29 റിയാലായും ഉംറ തീര്‍ഥാടകരുടെ ഇന്‍ഷുറന്‍സ് പോളിസി 235 റിയാലില്‍ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടി. ഉംറ വിസയിലെത്തുന്നയാള്‍ക്ക് രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വിസയുമായി സൗദിയിലെത്തുന്ന ഏതൊരു സന്ദര്‍ശകനും ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ഇപ്പോള്‍ അവസരമുണ്ട്. ഈ വര്‍ഷം മുതല്‍ ഏത് രാജ്യത്തെയും ഹജ്ജ് മിഷന്‍ ഓഫീസുകള്‍ക്ക്, തങ്ങളുടെ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗദിയിലെ ഏതെങ്കിലും ലൈസന്‍സുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ അനുവദിക്കും.
ഈ വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയിലുള്ളവര്‍ക്ക് ജൂണ്‍ 25 വരെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്!സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തീയ്യതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാല്‍ പിന്നീട് അപേക്ഷ സ്വീകരിക്കില്ല.
ബുക്കിംഗ് പൂര്‍ത്തിയായാല്‍ അപേക്ഷകന് മൊബൈലില്‍ സന്ദേശമെത്തും. ഇക്കാര്യം വെ!ബ്!സൈറ്റ് വഴയും ആപ്ലിക്കേഷന്‍ വഴിയും പരിശോധിക്കുകയും ചെയ്യാം. 3,984 റിയാല്‍ മുതല്‍ 1,1435 റിയാല്‍ വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാര്‍ക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേര്‍ക്കാന്‍ സാധിക്കില്ല. ബുക്കിങിന് അപേക്ഷിച്ചാല്‍ പിന്നീട് ഓണ്‍ലൈന്‍ വഴി റദ്ദാക്കാന്‍ സാധിക്കില്ല. ഹജ്ജ് ചെയ്യണമെങ്കില്‍ ഹജ്ജ് വിസയോ അല്ലെങ്കില്‍ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.