റഹ്‌മാൻ നിറഞ്ഞാടുന്ന ‘ അഞ്ചാമൈ ‘ !

Cinema

സിനിമ വര്‍ത്തമാനം / സി. കെ. അജയ് കുമാർ

റഹ്‌മാൻ നായകനായി അഭിനയിച്ച ‘ അഞ്ചാമൈ ‘ തമിഴകത്ത് റിലീസ് ചെയ്തു. പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുകയാണ് . മാണിക്യം എന്ന പോലീസ് ഇൻസ്പെക്ടറായും വക്കീലായും സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ് റഹ്‌മാൻ . കാലിക പ്രസക്തമായ നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാൻ പിടിക്കുന്ന വിദ്യഭ്യാസ ലോബിക്കും എതിരെയുള്ള ഒറ്റയാൾ പട്ടാള പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം . അതു കൊണ്ടു തന്നെ റഹ്മാൻ്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കയും ചർച്ച ചെയ്യുകമാണ് .

റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ കുറിച്ചു….
” ‘ അഞ്ചാമൈ ‘ യുടെ സ്ക്രിപ്റ്റ് കേട്ട നാൾ മുതൽ കഥയും കഥാപാത്രവും ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്തു വെച്ചതാണ്. അഭിനന്ദനങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പറയട്ടെ എല്ലാ അഭിനന്ദനങ്ങളും ഞാൻ സംവിധായകൻ സുബ്ബുരാമിന് സമർപ്പിക്കുന്നു. ഇത്രയും വിവാദപരമായ ഒരു പ്രമേയം കൈകാര്യം ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. “

പ്രശസ്ത സംവിധായകരായ എൻ. ലിങ്കുസാമി, മോഹൻ രാജ (ജയം രാജ) എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായി ‘ അഞ്ചാമൈ ‘ യുടെ രചനയും സംവിധാനവും നിർവഹിച്ചത് എസ്.പി. സുബ്ബുരാമനാണ്. കന്നി ചിത്രത്തിലൂടെ തന്നെ കൈയ്യടി നേടുകയാണ് സുബ്ബുരാമൻ. റഹ്മാനെ കൂടതെ വിദാർഥ്, വാണി ഭോജൻ, കൃതിക് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുചിത്രത്തിൻ്റെ ബാനറിൽ ഡോക്ടർ.എം. തിരുനാവുക്കരസ് നിർമ്മിച്ച് ഡ്രീം വാരിയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ‘ അഞ്ചാമൈ ‘ ഉടൻ കേരളത്തിൽ റിലീസ് ചെയ്യും.