കോഴിക്കോട്: കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണ വഴിയിലേക്ക് ആനയിക്കാൻ ശ്രമിച്ച മഹാനായിരുന്നു പ്രൊഫ. ശോഭീന്ദ്രൻ എന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു. ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി രൂപംകൊണ്ട പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ജൂൺ നാലു മുതൽ ആചരിക്കുന്ന ‘ശോഭീന്ദ്ര വാര’ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൊഫ. ശോഭീന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയറ ബി ഇ എം യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. വിജയരാഘവൻ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി. ‘പരിസ്ഥിതി മിത്രം ‘ അവാർഡ് ജേതാവ് മണലിൽ മോഹനനെയും രണ്ടര വർഷക്കാലം നീട്ടി വളർത്തിയ തൻറെ മുടി കാൻസർ രോഗികൾക്ക് സംഭാവന ചെയ്ത ദേശീയ ഹരിത സേന അംഗം എൻ അഭിരാമിനെയും ചടങ്ങിൽ ആദരിച്ചു.
ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, ജോയിൻറ് സെക്രട്ടറി സുമ പള്ളിപ്പുറം,വൈസ് പ്രസിഡണ്ട് ഷജീർഖാൻ വയ്യാനം, സ്കൂൾ ഹെഡ്മിസ്ട്രസ് ലൈസാമ്മ വർഗീസ്, എ ശ്രീവത്സൻ, വിവിധ സ്കൂളുകളിലെ എക്കോ ക്ലബ്ബ് കോർഡിനേറ്റർമാർ ആയ വി സ്മിതാ ലക്ഷ്മി, പ്രനീത് കുമാർ, ആൻസി ചീരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ ഹരിതസേന അംഗങ്ങളും പ്രൊഫ. ശോഭീന്ദ്രനോടൊപ്പം പ്രവർത്തിച്ച നിരവധി പേരും കുടുംബാഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.