കോഴിക്കോട്: പൊലീസ് സേനയില്‍ അംഗബലം വർധിപ്പിക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. അതേസമയം, വടകര ഇരിങ്ങലില്‍ ഇന്നു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ച് എസ്.ഐമാരെ നിയമിക്കണമെന്നാണു പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വർധിച്ചുവരുന്ന ജോലിഭാരത്തിനനുസരിച്ച് അംഗബലം ഇല്ലാത്തത് ഉദ്യോഗസ്ഥരില്‍ സമ്മർദമുണ്ടാക്കുന്നു.
നോട്ട്ബുക് എഴുതാത്തതിനു പോലും സസ്പെൻഷനാണെന്നും വിമർശനമുയർന്നിട്ടുണ്ട്. പൊലീസുകാർക്കിടയിൽ വലിയ രീതിയിൽ മാനസികസമ്മർദം വർധിക്കുകയാണ്. ജോലിഭാരം ഉൾപ്പെടെ ആത്മഹത്യയിലേക്കു നയിക്കുന്നുണ്ട്.
പൊലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുത്. ചെറിയ കുറ്റങ്ങൾക്കു പോലും താഴേക്കിടയിലുള്ള പൊലീസുകാർ വലിയ നടപടികൾ നേരിടേണ്ടവരുന്നു.
പൊലീസിലെ അംഗബലം കൂട്ടണം. കൂടുതല്‍ വനിതാ പൊലീസുകാരെ നിയമിക്കണമെന്നും പൊലീസ് അസോസിയേഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.