ബിജെപിയുടെത് ആശയവിജയം, പിന്നാക്ക- ദളിത് വിഭാഗങ്ങൾ ഒപ്പം നിന്നു: കെ. സുരേന്ദ്രൻ

Kerala

കോഴിക്കോട്: കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയമാണെന്നും അതിന് കാരണം പിന്നാക്ക- ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും ബിജെപിക്ക് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലും മാറ്റം വ്യക്തമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ജയിക്കുക പോയിട്ട് ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ ഒരു സീറ്റ് ജയിക്കുകയും രണ്ടിടത്ത് ഒന്നര ശതമാനം വോട്ടിന് മാത്രം പിറകിലാവുകയും നാല് മണ്ഡലങ്ങളിൽ വൻമത്സരം നടത്തുകയും ചെയ്യാൻ ബിജെപിക്ക് സാധിച്ചു. എൻഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്ട്രീയത്തിന്റെ മാറ്റം പ്രകടമാക്കുന്നതാണ്. 20 ശതമാനം വോട്ട് വിഹിതം നേടിയ സംസ്ഥാനങ്ങളിലെല്ലാം വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്ക് പഴയത് പോലെ ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭകൾ മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യം തുറന്നു പറഞ്ഞത് സ്വാഗതാർഹമാണ്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ വികസനത്തിന് അത് ഏറെ ഗുണകരമായേനെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ കേരളത്തിലെ രണ്ട് മുന്നണികളും അവരുടെ തെറ്റ് തിരുത്താൻ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭ സീറ്റ് നിർണയം. അതിൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. വോട്ട് ചോർച്ച തടയാൻ സിപിഎം കൂടുതൽ മുസ്ലിം പ്രീണനത്തിലേക്ക് പോവും. കേരളത്തിന് മുസ്ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും ഇനി അവർ മുന്നോട്ട് വെക്കുക. ജി.സുധാകരൻ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ പോപ്പുലർഫ്രണ്ട് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പല ബ്രാഞ്ച്- ലോക്കൽ- ഏരിയ കമ്മിറ്റികളിലും ഒരു പ്രത്യേക സമുദായത്തിന് അനർഹമായ പരിഗണന ലഭിക്കുന്നുവെന്ന് സിപിഎം അണികൾ തന്നെ തുറന്ന് പറയുന്നു.

ഇതിന്റെ പരിണിതഫലമാണ് കമ്മ്യൂണിസ്റ്റ് കോട്ടകളിലെ ബിജെപിയുടെ മുന്നേറ്റം. യുഡിഎഫും പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നത്. ഈ തിരഞ്ഞെടുപ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായത് പിണറായി വിജയന്റെ സിഎഎ പ്രചരണം മൂലം ഉണ്ടായ മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ്. രാഹുൽഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ ആദ്യം ചെയ്യുക പോപ്പുലർഫ്രണ്ടിന്റെ നിരോധനം നീക്കാനുള്ള ഫയലിൽ ഒപ്പിടുകയാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ഒബിസി സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, ജില്ലാ ജനറൽസെക്രട്ടറി ഇ.പ്രശാന്ത്കുമാർ എന്നിവർ സംബന്ധിച്ചു.