നാഷണല്‍ കോളേജില്‍ സിവില്‍ സര്‍വീസ് സപ്പോര്‍ട്ട് സെന്‍റര്‍

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച നേട്ടം കൈവരിച്ച് ജീവിതവിജയം നേടുക എന്ന ലക്ഷ്യത്തോടെ 2021 – 22 ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്ത ‘ലേണിംഗ് ഈസ് ലൈഫ്’ എന്ന വിദ്യാര്‍ത്ഥി സഹായ പദ്ധതി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മൂന്ന് അക്കാദമിക വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമായി ‘മെറിറ്റോ നാഷണല്‍’ ‘ഇന്‍സൈറ്റോ നാഷണല്‍’ എന്നീ പ്രോഗ്രാമുകളിലൂടെ അക്കാദമിക മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുക, സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ജീവിതാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് വ്യക്തമായ ദിശാബോധം വളര്‍ത്തുക, ധാര്‍മ്മികവും ദാര്‍ശനികവുമായ കാഴ്ചപ്പാട് ഉണ്ടാക്കുക എന്നിവയിലൂടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുന്നു.

ഇതിന്റെ തുടര്‍ച്ചയായി തൊഴില്‍ മേഖലയില്‍ വ്യക്തമായ കാഴ്ചപ്പാടിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുക എന്ന ഉദ്ദേശത്തോടെ ഒരു സിവില്‍ സര്‍വീസ് സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ്. നിലവിലുള്ള സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി പ്രഗല്‍ഭരായ സിവില്‍ സര്‍വീസ് മേഖലയിലെ സീനിയര്‍, ജൂനിയര്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുമായി അവരുടെ ജീവിത അനുഭവങ്ങളില്‍ നിന്നുമുള്ള കാഴ്ചപ്പാടുകളും പ്രവര്‍ത്തന വഴികളും ഉള്‍ക്കൊണ്ടുകൊണ്ട് സിവില്‍
സര്‍വീസ് കരസ്ഥമാക്കുക എന്നതാണ് ഈ സെന്ററിന്റെ പ്രഖ്യാപിത നയം.

സെന്റര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും, എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണറും, കേരള സിവില്‍ സര്‍വീസ് അക്കാഡമി ഡയറക്ടറുമായ സുധീര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഉത്തമ താല്‍പര്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് വ്യക്തമായ ദിശാബോധം നല്‍കി അവരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.